ആറ്റിങ്ങൽ: മാലിന്യം ഉറവിടത്തിൽതന്നെ നിർമാർജനം ചെയ്യാൻ ലക്ഷ്യമിട്ട് ആറ്റിങ്ങൽ നഗരസഭ ബൃഹത് പദ്ധതി നടപ്പാക്കുന്നു. നിലവിൽ അഞ്ച് ടണ്ണോളം ജൈവ- അജൈവ മാലിന്യമാണ് ആറ്റിങ്ങൽ നഗരസഭ സംഭരിച്ച് സംസ്കരിക്കുന്നത്. കേന്ദ്രീകൃത മാലിന്യ സംസ്കരണത്തലൂടെയാണിത്. പല ഭാഗങ്ങളിലും കേന്ദ്രീകൃത മാലിന്യ സംസ്കരണം പരാജയപ്പെടുകയും ബ്രഹ്മപുരത്ത് ഉണ്ടായത് പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
ഇത് ഒഴിവാക്കാൻ പരമാവധി മാലിന്യം ഉറവിടങ്ങളിൽതന്നെ സംസ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. വീടുകളിലും വലിയതോതിൽ മാലിന്യം ഉണ്ടാകുന്ന സ്ഥാപനങ്ങളിലും മാലിന്യം അവിടെതന്നെ സംസ്കരിക്കാൻ നഗരസഭ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകും.
കുടുംബശ്രീ യൂനിറ്റ്, 70 ഹരിതകർമസേന പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നഗരപരിധിയിലെ 11,542 വീടുകളിൽ നിന്നും, 2511 സ്ഥാപനങ്ങളിൽനിന്നും നിലവിൽ ജൈവ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ദിനംപ്രതി ശേഖരിച്ച് സംസ്കരിക്കുന്നു. ബയോകമ്പോസ്റ്റ് യൂനിറ്റുകൾ വീടുകൾക്ക് ലഭ്യമാക്കും. ഇതിനായി 13,75,000 രൂപ ചെലവിട്ട് വാങ്ങിയ ബയോകമ്പോസ്റ്റ് ബിൻ 638 ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകുന്നു.
പ്രത്യേകം സബ്സിഡിയിലൂടെ 14,175 രൂപ വിലയുള്ള ബയോഗ്യാസ് പ്ലാന്റ് 2580 രൂപ നിരക്കിൽ 93 കുടുംബങ്ങളിലേക്ക് എത്തിക്കും. പദ്ധതി വിഹിതത്തിൽനിന്ന് 41 ലക്ഷത്തോളം രൂപ ചെലവഴിച്ച് അഞ്ച് ഇലക്ട്രിക് ഓട്ടോയും ഒരു മിനിലോറിയും 33 ലിറ്റർ ബിന്നുകളും വാങ്ങിയിട്ടുണ്ട്. നഗരത്തിൽ കൂറ്റൻ ബിന്നുകളും ലഭ്യമാക്കി. ഇവ വരും ദിവസങ്ങളിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.