ആറ്റിങ്ങൽ: പ്രാഥമികാരോഗ്യ പരിരക്ഷാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭ ആരംഭിച്ച ആദ്യത്തെ ജനകീയ ആരോഗ്യ കേന്ദ്രം രാമച്ചംവിളയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. 82 ലക്ഷം രൂപ ചെലവിട്ടാണ് സെന്റെർ ആരംഭിച്ചത്. സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി 1 ഡോക്ടർ, 1 നഴ്സ്, 1 ഫാർമസിസ്റ്റ്, 1 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, 1 സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിങ്ങനെ ജീവനക്കാരെ നീയമിച്ചിട്ടുണ്ട്.
സെന്റെർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയും പരിപാലനവും ജീവനക്കാരുടെ വേതനം, ആവശ്യമായ മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും ഉൾപ്പടെ 82 ലക്ഷം രൂപയാണ് നഗരസഭ വകമാറ്റിയിട്ടുള്ളത്.
രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കുന്ന സെന്റെറിൽ ഉച്ചക്ക് 1 മണി വരെയായിരിക്കും ഒ.പി സേവനം. ഇവിടെ എത്തുന്ന രോഗികൾക്ക് വലിയകുന്ന് താലൂക്കാശുപത്രിയിൽ തുടർസേവനം ലഭ്യമാക്കും. നിലവിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സെന്റെറിനു വേണ്ടി ഭാവിയിൽ നഗരസഭ സ്വന്തമായി സ്ഥലം കണ്ടെത്തി സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. രാമച്ചംവിള ജംഗ്ഷനിൽ നടന്ന അനുബന്ധ യോഗത്തിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.എസ്.അരുൺ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ രമ്യാസുധീർ, എ.നജാം, വാർഡ് കൗൺസിലർ എസ്.സുഖിൽ, ജനപ്രതിനിധികളായ പി.ഉണ്ണികൃഷ്ണൻ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. കോഡിനേറ്റർ സതീഷ് യോഗത്തിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.