ആറ്റിങ്ങൽ: അഴൂരിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി കോഴികളെയും താറാവുകളെയും കൊന്നുതുടങ്ങി. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂര്‍ പഞ്ചായത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികള്‍, താറാവുകള്‍, അരുമപ്പക്ഷികള്‍ എന്നിവയെ തിങ്കളാഴ്ച കൊന്ന് സംസ്കരിച്ചു.
പക്ഷിപ്പനി പ്രതിരോധത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖപ്രകാരമാണ് കൊന്നൊടുക്കിത്തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനാണ് പക്ഷികളെ കൊല്ലുന്നതിനും ഒഴിവാക്കുന്നതിനുമുള്ള ചുമതല. ആറുപേര്‍ വീതമുള്ള എട്ട് ആർ.ആർ.ടി സംഘമാണ് പ്രതിരോധപ്രവർത്തനത്തിന് ഇറങ്ങിയത്.
ഒരു ഡോക്ടർ ഉൾപ്പെടുന്നതാണ് ടീം. തിങ്കളാഴ്ച രാവിലെമുതൽ സംഘം വീടുവീടാന്തരം കയറി വളർത്തുപക്ഷികളെ പിടികൂടി. പക്ഷിപ്പനി സ്ഥിരീകരിച്ച പെരുങ്ങുഴി ജങ്ഷന് സമീപം സ്വകാര്യ ഫാമിലാണ് ആദ്യമെത്തിയത്. തുടർന്ന് ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് വീടുകളിലും ഫാമുകളിലും എത്തി. കോഴി, അലങ്കാര കോഴികൾ, താറാവ്, അലങ്കാര പക്ഷികൾ എന്നിവയെയാണ് പിടികൂടിയത്.
ഇവയുടെ മുട്ട, തീറ്റ, അവശിഷ്ടങ്ങൾ എന്നിവയും ശേഖരിച്ചു. ഇവയെ അതത് സ്ഥലത്തുവെച്ച് പോളിത്തീൻ കവറിൽ അടച്ചു. തുടർന്ന് പ്രത്യേകം ഏർപ്പാടാക്കിയ വാഹനങ്ങളിൽ ശേഖരിച്ചു. ഉച്ചക്കുശേഷം കായൽ തീരത്ത് ആൾ താമസമില്ലാത്ത മേഖലയിൽ എത്തിച്ചു കത്തിച്ചു. ആറാട്ടുകടവിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ എത്തിച്ചാണ് സംസ്കരിച്ചത്.
ഓരോ വീടുകളിൽനിന്നും ശേഖരിച്ച പക്ഷികൾ, മുട്ട, തീറ്റ എന്നിവ രേഖപ്പെടുത്തുന്നതിന് ഇതോടൊപ്പം ചുമതലപ്പെട്ടവർ ഉണ്ടായിരുന്നു. തിങ്കളാഴ്ച ലക്ഷ്യമിട്ട മേഖല പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ചൊവ്വാഴ്ചയും പ്രവർത്തനം തുടരും.
ആറ്റിങ്ങൽ: അഴൂരില്‍ പക്ഷിപ്പനി ബാധ സമീപ പഞ്ചായത്തുകളിലും ആശങ്ക സൃഷ്ടിക്കുന്നു. സമീപ മേഖലകളിലും സാമ്പ്ൾ പരിശോധനയും ആവശ്യമെങ്കിൽ പ്രതിരോധ പ്രവർത്തനവും വ്യാപിപ്പിക്കനം എന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴിക്ക് ഒരു കിലോമീറ്റർ ചുറ്റുവട്ടത്ത് ആണ് പ്രതിരോധപ്രവർത്തനം ശക്തമാക്കിയത്.
ഇത് പഞ്ചായത്ത് പരിധിയിൽ പൂർണമായും നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച അഴൂര്‍ പഞ്ചായത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറച്ചി, മുട്ട, വളം എന്നിവയുടെ വിൽപനക്ക് നിരോധനം ഏര്‍പ്പെടുത്തി.
അഴൂര്‍ പഞ്ചായത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴികള്‍, താറാവുകൾ, അരുമപ്പക്ഷികള്‍ എന്നിവയുടെ കടത്ത്, വിൽപന, കൈമാറ്റം എന്നിവയും കലക്ടര്‍ നിരോധിച്ചിട്ടുണ്ട്. രോഗബാധ ഉയർത്തുന്ന ആശങ്കകൾ കാരണം പഞ്ചായത്ത് പരിധിയിൽ കോഴി, താറാവ് വളർത്തുന്നവർക്ക് അവരുടെ കോഴികളെ പിടികൂടി നശിപ്പിക്കത്തതിനാൽ നഷ്ടപരിഹാരം കിട്ടില്ല.
എന്നാൽ, ഇവരുടെ വീടുകളിൽനിന്നുള്ള മുട്ട വിൽക്കുവാനും കഴിയില്ല. മൂന്നു മാസത്തേക്കാണ് നിരോധനം എങ്കിലും അതു കഴിഞ്ഞാലും ഇവർക്ക് വിപണി കണ്ടെത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. അതിനാൽ മറ്റു കർഷകരിൽനിന്ന് കൂടി അവയെ ഏറ്റെടുത്തിട്ടോ അല്ലാതെയോ നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യം ഉന്നയിക്കുന്നു.
നിലവിലുള്ള നഷ്ടപരിഹാരം കുറവാണെന്ന് കർഷകർ പറയുന്നു. മൂന്നു കിലോക്ക് മുകളിൽ ഭാരമുള്ള കോഴികളും താറാവുകളുമുണ്ട്. മാർക്കറ്റ് വിലയുടെ അഞ്ചിൽ ഒന്നുപോലും ലഭിക്കുന്നില്ല. കോഴി, താറാവ് വളർത്തി ഉപജീവനം നടത്തുന്നവരുടെ ജീവിതം പ്രതിസന്ധിയിലാണത്രെ.
തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂർ ഗ്രാമപപഞ്ചായത്തിൽനിന്ന് പുറത്തേക്ക് മുട്ട, ഇറച്ചി, വളം, തീറ്റ എന്നിവയുടെ വിൽപനയും നീക്കവും മൂന്നുമാസത്തേക്ക് നിരോധിച്ചു. രോഗം ബാധിച്ച പ്രദേശം കഠിനംകുളം കായലിന് സമീപത്തായതിനാല്‍ ദേശാടനപ്പക്ഷികളില്‍നിന്ന് രോഗബാധയുണ്ടയെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
മറ്റു പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.