ആറ്റിങ്ങൽ: ഗതാഗതനിയന്ത്രണം രാമച്ചംവിളയിൽ അപകട സാധ്യത സൃഷ്ടിക്കുന്നതായി ആക്ഷേപം. ദേശീയപാത ആരുവരിപ്പാതയായി നിർമിക്കുന്നതിന് ആറ്റിങ്ങലിൽ നഗരം ഒഴിവാക്കിയാണ് ബൈപാസ് മാതൃകയിൽ റോഡ് നിർമിക്കുന്നത്. ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡിൽ രാമച്ചംവിള ഭാഗത്താണ് ഈ റോഡ് വന്നു ചേരുന്നത്. ഇവിടെ അടിപ്പാത നിർമാണത്തിന് റോഡ് കുഴിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി വാഹനഗതാഗതം വഴിതിരിച്ചുവിട്ടു.
ചിറയിൻകീഴ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടുവയിൽ ഏല വഴിയും, ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്കരക്കോണം വഴിയും കറങ്ങിയാണ് പോകുന്നത്. ഇതിനായി പ്രത്യേകം പാത ഇരുഭാഗത്തും നിർമിച്ചു. കുഴികളിലേക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ ബോർഡുകളും സ്ഥാപിച്ചു.
എന്നാൽ, ഈ ഭാഗത്ത് തെരുവു വിളക്കുകളില്ല. തിരിച്ചുവിടുന്ന റോഡിൽ സന്ധ്യ കഴിഞ്ഞാൽ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. കൂരിരുട്ടിലാണ് വാഹനങ്ങളും കാൽനടക്കാരും ഒക്കെ കടന്നുപോകുന്നത്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. പ്രത്യേകിച്ച് മുപ്പതടി വരെ താഴ്ചയുള്ള കുഴിയെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. ജീവൻ പണയം വെച്ചാണ് ഇതിലേയുള്ള യാത്രയെന്ന് തദ്ദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
അടിയന്തരമായും ഈ ഭാഗത്ത് താൽക്കാലിക വിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രധാന പാതയായിട്ടും ഇവിടെ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തിയിട്ടുണ്ടന്ന കാര്യം അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്നില്ല. ഇതറിയാതെ വരുന്ന വാഹനങ്ങൾ പലതും ഇവിടെ പെട്ടെന്ന് ബ്രേക്കിട്ടു നിർത്താൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.