ആറ്റിങ്ങൽ: വാഹന പര്യടനങ്ങൾ പൂർത്തിയാക്കിയ മുന്നണി സ്ഥാനാർഥികൾ റോഡ് ഷോയോടെ കൊട്ടിക്കലാശത്തിലേക്ക്. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയുടെ വാഹന പര്യടനം ചൊവ്വാഴ്ച ചിറയിൻകീഴ് മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനത്തോടെ പൂർത്തിയാക്കി. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശും പ്രചാരണം അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ പാർലമെൻറ് മണ്ഡലം തലത്തിലുള്ള വാഹനപര്യടനം പൂർത്തിയാക്കി.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരന്റെ വാഹനപര്യടനം തിങ്കളാഴ്ച പൂർത്തിയായിരുന്നു. കൊട്ടിക്കലാശ ദിവസമായ ബുധനാഴ്ച സ്ഥാനാർഥികൾ റോഡ് ഷോകൾക്കും പ്രചാരണഘട്ടത്തിൽ എത്തിച്ചേരാൻ കഴിയാതിരുന്ന പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാനുമാണ് സമയം വിനിയോഗിക്കുക.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയുടെ റോഡ് ഷോ രാവിലെ 11ന് ആര്യനാട് നിന്ന് ആരംഭിച്ച് നെടുമങ്ങാട്, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കല്ലമ്പലം വഴി വർക്കലയിൽ സമാപിക്കും. തുടർന്ന് ആറ്റിങ്ങൽ കച്ചേരി ജങ്ഷനിൽ നടക്കുന്ന കൊട്ടിക്കലാശത്തിലും സ്ഥാനാർഥി പങ്കെടുക്കും. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ്, എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ എന്നിവർ രാവിലെ മുതൽ മണ്ഡലങ്ങളുടെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കും. വൈകീട്ട് കൊട്ടിക്കലാശത്തിന് ആറ്റിങ്ങലിൽ എത്തിച്ചേരും.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് ചൊവ്വാഴ്ച ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ അവസാനഘട്ട പര്യടനം നടത്തി. കിഴുവിലം ഗ്രാമപഞ്ചായത്തിലെ കാട്ടുമ്പുറത്ത് നിന്ന് രാവിലെ എട്ടിനാണ് വാഹനപര്യടനത്തിന് തുടക്കമായത്. കുറക്കട, എൻ.ഇ.എസ് ബ്ലോക്ക്, ചെറുവള്ളിമുക്ക്, കാട്ടുമുറാക്കൽ വഴി പടനിലത്ത് സമാപിച്ചു. ഉച്ചവിശ്രമത്തിനുശേഷം പഴഞ്ചിറ നിന്ന് യാത്ര പുനരാരംഭിച്ചു.
ആനത്തലവട്ടം, തെക്കേ അരയതുരുത്തി, ശാർക്കര, വലിയകട, മുട്ടപ്പലം, ചിലമ്പിൽ, കുഴിയം, പഞ്ചായത്ത് ഓഫിസ് വഴി ജന്മഗ്രാമമായ പെരുങ്ങുഴി ജങ്ഷനിൽ സമാപിച്ചു. ദഫ്മുട്ട് ഉൾപ്പെടെയുള്ള കലാരൂപങ്ങൾക്കൊപ്പം ചേർന്നായിരുന്നു ചൊവ്വാഴ്ചത്തെ പര്യടനം. ഇടതുനേതാക്കളായ വി. ശശി എം.എൽ.എ, മനോജ് ബി. ഇടമന, ആർ. സുഭാഷ്, എ. അൻവർഷ, വേണുഗോപാലൻ നായർ, അഡ്വ. ശ്രീകണ്ഠൻ നായർ തുടങ്ങിയവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ചൊവ്വാഴ്ച മണ്ഡലപരിധിയിൽ വാഹനപര്യടനത്തിനിടയിൽ വിട്ടുപോയ മേഖലകളിൽ സ്വീകരണം ഏറ്റുവാങ്ങി. രാവിലെ എട്ടിന് വക്കത്തുനിന്ന് ആരംഭിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത്, പുളിമാത്ത് പഞ്ചായത്ത് എന്നിവിടങ്ങൾ സന്ദർശിച്ചു.
ഉച്ചവിശ്രമത്തിന് ശേഷം ആനാട് പഞ്ചായത്ത്, കുറ്റിച്ചൽ പഞ്ചായത്ത് പ്രദേശങ്ങൾ സന്ദർശിച്ച് വോട്ട് തേടി. കോൺഗ്രസ് നേതാക്കളായ ഉണ്ണിക്കൃഷ്ണൻ, ടി.പി. അംബിരാജ, സുദർശനൻ, അനൂപ് തോട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. ആവേശകരമായ സ്വീകരണമാണ് ഓരോ സ്ഥലത്തും സ്ഥാനാർഥിക്ക് ലഭിച്ചത്. ത്രിവർണ ഷാളുകളും പഴവർഗങ്ങളും പൂക്കളും പൂച്ചെണ്ടുകളും മാലകളും അണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ ചൊവ്വാഴ്ച പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ചാണ് പര്യടനം നടത്തിയത്. രാവിലെ 10ന് ആര്യനാട് നിന്ന് പര്യടനം ആരംഭിച്ചു. മലയിൻകീഴ് മേഖല സന്ദർശിച്ചശേഷം തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് നടന്ന പൊതുപരിപാടിയിൽ പങ്കെടുത്തു. ആറ്റിങ്ങൽ വികസനരേഖയുടെ പ്രകാശനം ചടങ്ങിൽ നടത്തി. ഉച്ചവിശ്രമശേഷം വട്ടപ്പാറ, കല്ലറ, കിളിമാനൂർ മേഖലകളിൽ പര്യടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.