ആറ്റിങ്ങൽ: ആലംകോട് ഇന്നോവ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി അപകടം. കാറിൽനിന്ന് കഞ്ചാവും എം.ഡി.എം.എയും പിടിച്ചെടുത്തു. സംഭവത്തിൽ പാലക്കാട് ഇടക്കുറിശി കപ്പടം തുണ്ടത്തിൽ വീട്ടിൽ ഫ്രാൻസിസിനെ (27) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽനിന്ന് 9.32 ഗ്രാം കഞ്ചാവും 06 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. കഴിഞ്ഞദിവസം രാത്രി ദേശീയപാതയിൽ ആലംകോട് അവിക്സിന്റെ എതിർവശം രാത്രി പത്തോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ 11 കെ.വി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
കെ.എസ്.ഇ.ബി, ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ആറ്റിങ്ങൽ മുതൽ കല്ലമ്പലം വരെയുള്ള മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ആലംകോട് ഭാഗത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് ലഹരി ഉൽപന്നങ്ങൾ കണ്ടെത്തിയത്. പൊലീസ് ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്.ഐ മനു, സി.പി.ഒ ഷിനു, സൈദലി ഖാൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.