ആറ്റിങ്ങല്‍: ഊരുപൊയികയിൽ അക്രമിസംഘത്തിന്റെ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ആണ് അന്വേഷണോദ്യോഗസ്ഥനായ ആറ്റിങ്ങല്‍ ഇന്‍സ്പെക്ടര്‍ മുരളീകൃഷ്ണ കുറ്റപത്രം സമര്‍പ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് നടന്നതിന്റെ 86-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വക്കം പുത്തന്‍നട ക്ഷേത്രത്തിന് സമീപം ചിരട്ടമണക്കാട്ട് വീട്ടില്‍ പരേതനായ സുരേന്ദ്രന്റെ മകന് ശ്രീജിത്ത് (അപ്പു-25) ആണ് കൊല്ലപ്പെട്ടത്. ആനൂപ്പാറ ആറാട്ടുകടവിന് സമീപം ഏലാക്കരയിലെ റബ്ബര്‍തോട്ടത്തില്‍ ആഗസ്റ്റ് 16 ന് രാത്രിയിലാണ് സംഭവം നടന്നത്.
കേസില്‍ 16 പ്രതികളാണുള്ളത്. ഇവരില്‍ എട്ടുപേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരും എട്ടുപേര്‍ പ്രതികള്‍ക്ക് ഒളിവിൽ കഴിയാന്‍ സഹായം നല്കിയവരുമാണ്.
79 സാക്ഷിമൊഴികളും 124 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 250-ലധികം പേജുകളുള്ളതാണ് കുറ്റപത്രം. കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു.
ഊരുപൊയ്ക പുളിയില്ക്കണിവീട്ടില് വിനീത് (29), കോടാലിക്കോണം വിജിതഭവനില് വിജിത്ത് (23), വലിയവിളവീട്ടില്‍ എം. പ്രണവ് (29), വലിയവിള പുത്തന്‍വീട്ടില്‍ വി.ശ്രീജിത്ത് (28), കീഴ്തോന്നയ്ക്കല് തച്ചപ്പള്ളി റോഷ്നിയില്‍ നിപിന് (30) കിഴുവിലം ചിറ്റാറ്റിന്‍കര സുജഭവനില്‍ വിഷ്ണു (21), കിഴുവിലം മാമം താലോലം വീട്ടില്‍ അഭിഷേക് (18), മുദാക്കല്‍ ചെമ്പൂര് ആലിയാട് ആറ്റിന്‍കര വിശാഖ് ഭവനില്‍ വിശാഖ് (26) എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മൂന്നാംപ്രതി പ്രണവ്, നാലാംപ്രതി വി.ശ്രീജിത്ത് എന്നിവര്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ഈ മാസം 10ന് ജാമ്യം നേടിയിരുന്നു.
ഇവരുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റ് പ്രതികള്‍ ജയിലിലാണ്. പ്രതികളെ ഒളിവില്‍പ്പോകാന്‍ സഹായിച്ചതിന് അറസ്റ്റിലായ എട്ടുപേര്‍ നേരത്തേ ജാമ്യം നേടിയിട്ടുണ്ട്.
ഒന്നാംപ്രതിയായ വിനീതിന് ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട് ശ്രീജിത്തുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം ശ്രീജിത്തിനെ ആനൂപ്പാറയിലേയ്ക്ക് വിളിച്ച് വരുത്തിയ പ്രതികള്‍ രണ്ട് മണിക്കൂറോളം മർദിക്കുകയായിരുന്നു. കരിക്ക്, വെട്ടുകത്തി, ചൂരല്‍, കാട്ടുകമ്പ് എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. ശ്രീജിത്തിന്റെ ശരീരത്തില്‍ 58 മുറിവുകളുണ്ടായിരുന്നു.
തലയ്ക്കേറ്റ മുറിവും മർദനത്തെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികളെ ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തോടെ ദിവസങ്ങളോളം പിന്തുടര്ന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.