ആറ്റിങ്ങൽ: വക്കം ഗ്രാമപഞ്ചായത്തിൽ ഏഴാംവാർഡിൽ കായൽവാരത്ത് വളർത്തുമൃഗങ്ങൾ വ്യാപകമായി ചത്തു. പേവിഷബാധ സ്ഥിരീകരിച്ചത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. മേഖലയിൽ ഒരാഴ്ചക്കിടെ നിരവധി പൂച്ചകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പരിസരത്തുള്ള പൂച്ചയെ നിരീക്ഷിച്ചതിൽ പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
വിവരം വാർഡ് മെംബർ മുഖേന പഞ്ചായത്ത് അധികാരികളെ അറിയിച്ചിരുന്നു. എന്നാൽ, പഞ്ചായത്ത് അധികൃതർ ഗൗരവത്തിൽ എടുത്തില്ല. ചത്ത പൂച്ചകളെ സ്ഥലവാസികൾ പാലോട് വെറ്റിറിനറി ഹോസ്പിറ്റലിൽ കൊണ്ടുപോയി പരിശോധിക്കണം എന്നാണ് പഞ്ചായത്ത് നൽകിയ മറുപടിയെന്ന് പ്രദേശവാസികൾ പറഞ്ഞു.
പഞ്ചായത്ത് കൈയൊഴിഞ്ഞതോടെ ഗാന്ധിമുക്ക്, കായൽവാരം റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സംശയകരമായ പൂച്ചയെ മൃഗാശുപത്രിയിൽ കൊണ്ടുപോകും വഴി നൗഷാദ് എന്ന വ്യക്തിയെ പൂച്ച മാന്തുകയും ചെയ്തിരുന്നു. വഴി മധ്യേ പൂച്ച ചത്തു. പൂച്ചയെ പാലോട് മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി പേവിഷബാധ സ്ഥിരീകരിച്ചു. പരിസരപ്രദേശങ്ങളിലെ മറ്റു പൂച്ചകളും നായ്ക്കളും സമാനരീതിയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇതു ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. വിവരം വക്കം ഗ്രാമപഞ്ചായത്തിൽ വീണ്ടും അറിയിച്ചെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിഷയം ശ്രദ്ധയിൽപെട്ടുവെന്നും വാർഡിൽ എത്രയും വേഗം ബോധവത്കരണവും, വാക്സിനേഷനുവേണ്ടിയുള്ള നടപടികളും സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.