ആറ്റിങ്ങൽ: അഞ്ചുതെങ്ങ് താഴംപള്ളി-മുഞ്ഞമൂട് തീരസംരക്ഷണ പദ്ധതി ഗ്രോയിൻസ് നിർമാണം വൈകുന്നു. കടലാക്രമണവും തീരശോഷണവും ചെറുക്കാനായിട്ടാണ് അഞ്ചുതെങ്ങ് താഴംപള്ളി മുതൽ മുഞ്ഞമൂട് വരെയുള്ള തീരസംരക്ഷണത്തിന് ഗ്രോയിൻസ് നിർമാണം പ്രഖ്യാപിച്ചത്.
അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ ഭാഗത്തെ തീരസംരക്ഷണത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഗ്രോയിൻസ് നിർമാണത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നടന്ന് മാസങ്ങൾ കഴിയുമ്പോഴും പ്രവൃത്തി ആരംഭിച്ചിട്ടില്ല.അഞ്ചുതെങ്ങ് താഴംപള്ളി മുതൽ മുഞ്ഞമൂട് പാലംവരെയുള്ള രണ്ട് കിലോമീറ്റർ തീരഭാഗത്ത് 200 മീറ്റർ നീളത്തിലുള്ള പത്ത് ഗ്രോയിൻസാണ് ആദ്യഘട്ടത്തിൽ നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്.
ഇതിനായി കിഫ്ബി മുഖാന്തരം 22.53 കോടി രൂപ അനുവദിച്ചിരുന്നു. നിർമാണ പ്രവൃത്തി ആരംഭിക്കാൻ വൈകുന്നത് കടലാക്രമണ ഭീഷണിയിലുള്ള തീരവാസികളെ ആശങ്കപ്പെടുത്തുന്നു. പാറയുടെ ലഭ്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതിന്റെ നിർമാണത്തെ ബാധിക്കും. മഴക്കാലം കഴിയും വരെ ക്വാറികളിൽ ഖനനം നിർത്തിവെച്ചതും ക്വാറികളിൽനിന്ന് എത്തിക്കുന്ന നിർമാണ സാമഗ്രികൾ ശേഖരിക്കാനുള്ള യാർഡ് ഉൾപ്പെടെ സജ്ജമാക്കുന്നതിനുള്ള സ്ഥല പരിമിതിയും നേരിടുന്നുണ്ട്.
മുതലപ്പൊഴി ഹാർബർ വന്നതിനുശേഷം താഴമ്പള്ളിയിൽനിന്ന് മുഞ്ഞമൂട് ഭാഗത്തേക്ക് വലിയ തോതിൽ കര നഷ്ടപ്പെടുകയും കടൽ കയറുകയും ചെയ്തിരുന്നു. ഇതിനെ പ്രതിരോധിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ മുതലപ്പൊഴി ഹാർബറിനു സമീപം താഴമ്പള്ളി ഭാഗത്ത് ഒരു ഗ്രോയിൻസ് നിർമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ ഭാഗത്ത് നഷ്ടപ്പെട്ട കര വീണ്ടെടുത്തു. വലിയ ബീച്ച് രൂപപ്പെട്ടു. ഈ മാതൃകയാണ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.