ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിനിടയിൽ വ്യാപാരസ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. രണ്ടുപേരെ പൊലീസ് സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
ബസ് സ്റ്റാൻഡിന് ഉൾവശത്തും സമീപത്തെ വ്യാപാരസ്ഥാപന പരിസരങ്ങളിലുമാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇവർ തമ്മിലടിക്കുകയും വ്യാപാരസ്ഥാപനങ്ങളിൽ വിൽപനക്കുെവച്ചിരിക്കുന്ന സാധനങ്ങൾ ഉൾപ്പെടെ എടുത്തെറിയുകയും ചെയ്തു. ഒരു കടയുടെ മുന്നിൽ സാധനങ്ങൾ എടുത്തുെവക്കുന്നതിന് സ്ഥാപിച്ചിരുന്ന തട്ട് പൊളിച്ച് പരസ്പരം അടിച്ചു.
പലർക്കും മർദനത്തിൽ മുഖത്തും ദേഹത്തും ചോര പൊടിഞ്ഞു. വ്യാപാരികളും ഓട്ടോഡ്രൈവർമാരും സംഘടിച്ചെത്തിയാണ് വിദ്യാർഥികളെ ഓടിച്ചുവിട്ടത്. ഇതിനുശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്.
സ്ഥലത്തുനിന്ന് സംഘത്തിൽ ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന രണ്ട് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റവർ ചികിത്സ തേടിയില്ലെങ്കിൽ ഗുരുതരാവസ്ഥ സൃഷ്ടിക്കും എന്നതാണ് ആശങ്ക. ഇത്തരം മർദനങ്ങൾക്ക് ഇരയാകുന്ന കുട്ടികൾ വീട്ടിൽ അറിയിക്കുകയോ ചികിത്സ തേടുകയോ ചെയ്യാറില്ല.
ബസ് സ്റ്റാൻഡിൽ സംഘടിക്കുന്ന വിദ്യാർഥികൾ തമ്മിലടിക്കുന്നത് പതിവായിരിക്കുകയാണ്. യാത്രക്കാരും വ്യാപാരികളും ഇതിന്റെ ദുരിതം പേറേണ്ടിവരുന്നു. ശനിയാഴ്ച മാത്രം മൂന്ന് സംഘർഷം ബസ് സ്റ്റാൻഡ് പരിസരത്ത് ഉണ്ടായിട്ടുെണ്ടന്ന് കച്ചവടക്കാർ പറഞ്ഞു.
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗമാണ് ഇത്തരം അക്രമങ്ങൾക്കുപിന്നിലെന്നാണ് ആക്ഷേപം. കടകൾക്കിടയിലെ ഇടവഴിയിൽനിന്നുള്ള വിദ്യാർഥികളുടെ പുകവലി വ്യാപകമാണ്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയും സജീവമാണെന്ന പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.