ആറ്റിങ്ങല്‍: ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ആശങ്ക ഉയര്‍ത്തി വാമനപുരം നദിയില്‍ ജലനിരപ്പ് കുറയുന്നു. പൂവമ്പാറയില്‍ നിലവിലെ തടയണയുടെ ഉയരം കൂട്ടുന്ന ജോലികൾ അടിയന്തരമായി ആരംഭിച്ചു. സാധാരണ ജനുവരിയിൽ തന്നെ പൂവമ്പാറയിലെ തടയണയുടെ ഉയരം കൂട്ടുകയും ജലം തടഞ്ഞുനിർത്തുകയും ചെയ്തിരുന്നു. വേനലില്‍ തടസ്സമില്ലാതെ കുടിവെള്ള വിതരണം നടത്താന്‍ കഴിയുന്നത് ഈ മുന്‍കരുതല്‍ കൊണ്ടാണെന്ന് അധികൃതര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയായിട്ടാണ് തടയണ നിര്‍മാണം ആരംഭിച്ചത്. വൈകിയും മഴ ലഭിച്ചതുകൊണ്ടാണ് ഇത് വൈകിയത്. ഇപ്പോള്‍ തടയണക്ക് മുകളിലൂടെയുള്ള ഒഴുക്ക് നാമമാത്രമാണ്.
ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ പൂര്‍ണമായും വിതരണം ചെയ്യുന്നത് വാമനപുരം ആറ്റില്‍ നിന്നുളള വെള്ളമാണ്. നെടുമങ്ങാട് താലൂക്കിലെ പകുതിയോളം പദ്ധതികളും വാമനപുരം ആറിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴക്കൂട്ടം മേനംകുളം പദ്ധതിയിലേക്കുളള വെള്ളം വാമനപുരം ആറ്റില്‍ അയിലം കടവില്‍ നിന്നാണെടുക്കുന്നത്. സ്ഥിരം തടയണയുടെ മുകളില്‍ രണ്ടിഞ്ച് വ്യത്യാസത്തില്‍ സുഷിരങ്ങളുണ്ട്.
ഈ സുഷിരങ്ങളില്‍ ഇരുമ്പ് പൈപ്പ് കടത്തി ഷീറ്റിട്ടശേഷം മണല്ച്ചാക്കുകളടുക്കി ടാര്‍പ്പാളിന്‍കൊണ്ട് പൊതിഞ്ഞാണ് ഉയരം കൂട്ടുക. 70 സെന്റീമീറ്റര്‍ ഉയരം കൂട്ടും. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് താൽക്കാലിക തടയണ നിർമാണം. വേനല്‍ കനത്തതോടെ വെള്ളത്തിന്റെ ഉപഭോഗം കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.