ആറ്റിങ്ങൽ: വാമനപുരം നദിയിലെ ജലപ്രതിസന്ധി രൂക്ഷം. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം ഏത് നിമിഷവും നിലയ്ക്കാം. വാമനപുരം നദി കേന്ദ്രീകരിച്ചാണ് തിരുവനന്തപുരം ജില്ലയിലെ ഒരുഡസനോളം കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. ചിറയിൻകീഴ്, വർക്കല താലൂക്കുകൾ പൂർണമായും തിരുവനന്തപുരം താലൂക്കിലെ കഴക്കൂട്ടം, നെടുമങ്ങാട് താലൂക്കിലെ വെഞ്ഞാറമൂട് എന്നീ മേഖലകളിൽ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് വാമനപുരം നദിയെയാണ്. കടുത്ത വേനലിൽ നദി വറ്റിവരണ്ടതോടെ ജലക്ഷാമം രൂക്ഷമാണ്. എട്ടുമണിക്കൂർ പ്രവർത്തിച്ചിരുന്ന പമ്പിങ് കിണറുകൾ ഭൂരിഭാഗവും ഒന്നുമുതൽ നാലു മണിക്കൂർ വരെ മാത്രമാക്കി പ്രവർത്തനം ചുരുക്കി. എന്നാൽ, ജനങ്ങളുടെ കുടിവെള്ള ഉപഭോഗം വേനൽ കടുത്തതോടെ വർധിച്ചു. വേനലിൽ ജല വിതരണം ദിവസങ്ങൾ ക്രമീകരിച്ച് നടത്തുന്ന രീതി മുൻ കാലങ്ങളിൽ ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കാലമായതിനാൽ പരമാവധി കുടിവെള്ളം ലഭ്യമാക്കാൻ ഉദ്യോഗസ്ഥരിൽ സമ്മർദമുണ്ടായി. ഇപ്പോൾ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുമ്പ് തന്നെ ജലവിതരണം പൂർണമായി നിലക്കുന്ന അവസ്ഥയിലാണ്. നദിയിലേക്ക് ഒഴുക്ക് വരുന്ന വിധത്തിലുള്ള മഴ ഇതുവരെ ലഭിച്ചിട്ടില്ല. വാമനപുരം നദിയുടെ വൃഷ്ടിപ്രദേശ മേഖലയായ മലയോര പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാൽ മാത്രമേ നദിയിൽ നീരൊഴുക്ക് ശക്തിപ്പെടുകയുള്ളൂ.
നദിയിൽനിന്ന് പമ്പ് ഹൗസിലേക്കുള്ള സ്വാഭാവിക ഒഴുക്ക് പൂർണമായി നിലച്ചിട്ട് ഒരാഴ്ചയിലേറെയായി. 7.5 എച്ച്.പി, 5 എച്ച്.പി സബ്മേഴ്സിബിൾ പമ്പ് ഉപയോഗിച്ച് നദിയിൽനിന്ന് പമ്പ് ഹൗസിലേക്ക് ജലം പമ്പ് ചെയ്യുന്നുണ്ട്. പമ്പ് ഹൗസ് നിറയുമ്പോൾ മാത്രം ശുദ്ധീകരണ ശാലയിലേക്ക് ജലം എടുക്കും. വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് നേരത്തെ ഉണ്ടായിരുന്നതിന്റെ പകുതിയിൽ താഴെയായി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മേഖലയിൽ ഈ പദ്ധതിയിൽനിന്നുമാണ് കുടിവെള്ളം എത്തിക്കുന്നത്. വാൽവുകൾ നിയന്ത്രിച്ചാണ് കുടിവെള്ള വിതരണം.
നദിയിൽനിന്ന് പമ്പ് ഹൗസിലേക്കുള്ള സ്വാഭാവിക ഒഴുക്ക് ഒരാഴ്ച മുമ്പ് തടസ്സപ്പെട്ടു. രണ്ടു 7.5 എച്ച്.പി സബ്മേഴ്സിബിൾ പമ്പ് ഉപയോഗിച്ചാണ് നദിയിൽ കയങ്ങളിൽ കെട്ടി ക്കിടക്കുന്ന ജലം പമ്പ് ഹൗസിലേക്ക് ജലം പമ്പ് ചെയ്യുന്നത്. വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് മുമ്പത്തെക്കാൾ വളരെ കുറവാണ്. തീരദേശ പഞ്ചായത്തുകളായ അഞ്ചുതെങ്ങ് വക്കം, കടയ്ക്കാവൂർ കിഴുവിലം, ചിറയിൻകീഴ് എന്നീ മേഖലകളിൽ ഈ പദ്ധതിയിൽ നിന്നുമാണ് കുടിവെള്ളമെത്തിക്കുന്നത്. നിലവിൽ നാമമാത്രമായ രീതിയിലാണ് തീരദേശത്ത് കുടിവെള്ളം കിട്ടുന്നത്. കുടിവെള്ളത്തിന് ജല അതോറിറ്റി മാത്രം ആശ്രയിക്കുന്ന പതിനായിരങ്ങളുള്ള പദ്ധതിയാണിത്.
പമ്പിങ് കിണറിന്റെ വാൽവുകൾ നിലവിൽ ജലനിരപ്പിൽനിന്ന് വളരെ ഉയരത്തിലാണ്. കയങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം കിണറിലെത്തിച്ചാണ് കുടിവെള്ള പദ്ധതി പ്രവർത്തിപ്പിക്കുന്നത്. വേനൽക്കാലത്തുണ്ടായ ഉപഭോഗ വർധനക്കനുസരിച്ച് ജലവിതരണം നടത്താൻ കഴിയുന്നില്ല. നീരൊഴുക്കുണ്ടായില്ലെങ്കിൽ ഈ പദ്ധതിയും നിശ്ചലമാകും.
പമ്പിങ് കിണറിലേക്ക് സ്വാഭാവികമായി നീരൊഴുക്ക് കഴിഞ്ഞ ദിവസം നിലച്ചു. നിലവിൽ നദിയിൽ മറ്റു ഭാഗങ്ങളിൽ കെട്ടിനിൽക്കുന്ന ജലം സബ്മേഴ്സിബിൾ പമ്പ് ഉപയോഗിച്ച് പമ്പിങ് കിണറിലേക്കെത്തിച്ചതിനുശേഷമാണ് ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പമ്പിങ് നടത്തുന്നത്. ജലജീവൻ പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ എണ്ണം വളരെ വർധിച്ച കുടിവെള്ള പദ്ധതികൾ ഒന്നാണിത്.
നദിയിൽനിന്ന് പമ്പ് ഹൗസിലേക്കുള്ള സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. 5 എച്ച്.പി സബ്മേഴ്സിബിൾ പമ്പ് ഉപയോഗിച്ച് നദിയിൽനിന്ന് പമ്പ് ഹൗസിലേക്ക് ജലം പമ്പ് ചെയ്യുന്നു. പദ്ധതിയിൽ നിന്ന് വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് നാമമാത്രമാണ്. പുളിമാത്ത് പഞ്ചായത്തിലെ പന്തുവിള മേഖലയിൽ ഈ പദ്ധതിയിൽ നിന്നാണ് കുടിവെള്ളമെത്തിക്കുന്നത്.
പമ്പ് ഹൗസിന് സമീപത്തെ വലിയ കയത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുറഞ്ഞ അളവിൽ ജലം പമ്പ് ഹൗസിലെത്തുന്നുണ്ട്. വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് മുമ്പത്തെക്കാൾ കുറവാണ്. 200 എച്ച്.പിയുടെ രണ്ട് പമ്പുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് നിലവിൽ ഒന്നു മാത്രമാണ് പ്രവർത്തിക്കുന്നത്. ആറ്റിങ്ങൽ-അഴൂർ കിഴുവിലം മേഖലകളിൽ ഈ പദ്ധതിയിൽ നിന്നുമാണ് കുടിവെള്ളം എത്തിക്കുന്നത്. വാൽവുകൾ നിയന്ത്രിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
നദിയിൽ നിന്ന് പമ്പ് ഹൗസിലേക്കുള്ള സ്വാഭാവിക ഒഴുക്ക് നിലച്ചു. 5 എച്ച്.പി സബ്മേഴ്സിബിൾ പമ്പ് ഉപയോഗിച്ച് നദിയിൽ നിന്ന് പമ്പ് ഹൗസിലേക്ക് ജലം പമ്പ് ചെയ്യുന്നു. വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് മുമ്പത്തെക്കാൾ വളരെ കുറവാണ്.
അതിനാൽ പൈപ്പ് ലൈനിന്റെ അവസാന ഭാഗങ്ങളിൽ രണ്ടാഴ്ചയായി ജലം ലഭിക്കാത്ത അവസ്ഥയാണ്. നഗരൂർ പഞ്ചായത്ത് മേഖലയിൽ ഈ പദ്ധതിയിൽ നിന്നുമാണ് കുടിവെള്ളമെത്തിക്കുന്നത്.
വാമനപുരം നദിയിൽ ഏറ്റവും മുകളിൽ സ്ഥിതി ചെയ്യുന്ന കാരേറ്റ് കുടിവെള്ള പദ്ധതിയിൽ മാത്രമാണ് വേനൽ മഴയിൽ നീരൊഴുക്ക് വന്നിട്ടുള്ളത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള താൽക്കാലിക തടയണക്കുമുകളിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. അതിനാൽ കാരേറ്റ് പദ്ധതിയിൽ നിന്ന് ജലവിതരണം സുഗമമായി നടക്കുന്നുണ്ട്. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഒരാഴ്ചത്തേക്ക് പൂർണ തോതിലുള്ള പമ്പിങ്ങിനാവശ്യമായ ജലം നിലവിൽ ഇവിടെ ലഭ്യമാണ്. ചെക്ക് ഡാമിന് പുറത്തേക്ക് വെള്ളം ഒഴുകുന്ന അവസ്ഥ വന്നാൽ മാത്രമേ ഇതര പദ്ധതികളിലേക്ക് ജലമെത്തൂ.
നിലവിൽ ഓരോ ദിവസവും ജല അതോറിറ്റി ആറ്റിങ്ങൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയറും അസിസ്റ്റൻറ് എൻജിനീയർമാരും ഉൾപ്പെടെയുള്ള സംഘം ഓരോ കുടിവെള്ള പദ്ധതി പ്രദേശവും സന്ദർശിച്ച് അവസ്ഥ വിലയിരുത്തി വരികയാണ്. ജല അതോറിറ്റി ആസ്ഥാനത്തുനിന്നുള്ള ഉന്നതസംഘവും വാമനപുരം നദിയുടെ അവസ്ഥ പഠിക്കാൻ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന ഇടപെടലുകളുടെ ഫലമായാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജലവിതരണം തുടരുന്നത്. മഴ ലഭിച്ചില്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ നിലവിലെ തന്ത്രങ്ങളും നടപ്പാക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.