ആറ്റിങ്ങൽ: യുവാവിനെ ലഹരി മാഫിയ സംഘം കൊലപ്പെടുത്തിയ സംഭവത്തിൽ യഥാർഥ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ ശ്രമിക്കുന്നതായാണ് വിവരം. വക്കം പുത്തൻനട ക്ഷേത്രത്തിന് സമീപം ചിരട്ട മണക്കാട് വീട്ടിൽ ശ്രീജിത്തിനെ(25) ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് നാലംഗ സംഘം വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ശ്രീജിത്തിന്റെ സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞ ശേഷമാണ് പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് മടങ്ങിയത്. കൊലപാതക വിവരം പൊലീസിന് ലഭിച്ചപ്പോൾതന്നെ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഉടൻ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായി. നിലവിൽ ആറ്റിങ്ങൽ സ്റ്റേഷനിൽ സി.ഐ ഇല്ല. 12 കിലോമീറ്റർ അകലെയുള്ള കഠിനംകുളം സി.ഐക്കാണ് ചുമതല.
കഴിഞ്ഞദിവസം രാത്രി കൊട്ടാരക്കരയിൽ മുഖ്യപ്രതി കുര്യൻ വിനീതിന്റെ മൊബൈൽ സിഗ്നൽ ലഭിച്ചിരുന്നു. ഇതോടെ പൊലീസ് സംഘം ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി. പിന്നീട് മൊബൈൽ ഓഫാക്കി.
അതിനുമുമ്പ് കോഴിക്കോട് മേഖലയിലേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു. പിന്നീട് പ്രതികൾ കീഴടങ്ങുമെന്ന വിവരവും പ്രചരിച്ചു. കോടതി പരിസരവും വക്കീൽ ഓഫിസുകളും നിരീക്ഷിച്ചെങ്കിലും പൊലീസ് നിരാശരായി. സമീപ മേഖലയിലുള്ള പ്രതികൾ ബോധപൂർവം ശ്രദ്ധ മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുമെന്നാണ് പൊലീസ് നിഗമനം. പ്രതികളുമായി ബന്ധമുള്ള നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.