ആറ്റിങ്ങൽ: പിടികിട്ടാപ്പുള്ളിയായ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലവനും കൂട്ടാളിയും അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പാറ അഭിലാഷ് എന്ന ശ്രീകാര്യം ഇടവക്കോട് പൊറ്റയിൽ വീട്ടിൽ അഭിലാഷ് (37), മൊട്ട അനി എന്ന കുളത്തൂർ കരിമണൽ എസ്.എം.ആർ കോളനി തോപ്പിൽ വീട്ടിൽ പ്രദീഷ് കുമാർ (36) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
ഒഡിഷയിലെ മാവോവാദി സ്വാധീനമുള്ള വനഭൂമിയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് ലോഡുകണക്കിന് കഞ്ചാവ് കടത്തിവന്നിരുന്നതിലെ പ്രധാനിയാണ് പിടിയിലായ അഭിലാഷ്. പിടിക്കപ്പെടാതിരിക്കാനായി ഒഡിഷയിലെ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളാണ് ഇയാൾ പണമിടപാട് നടത്താനായി ഉപയോഗിച്ചിരുന്നത്.
സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും സ്വന്തമായി സിം കാർഡ് ഉപയോഗിക്കാതെയും ഇയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ വെഞ്ഞാറമൂട് വീട് വാടകക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന നാലുപേരെ 200 കിലോ കഞ്ചാവുമായി പിടിച്ചതിന്‍റെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരി കടത്ത് തലവനായ അഭിലാഷും കൂട്ടാളിയും പൊലീസിന്‍റെ പിടിയിലായത്.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപ, എ.എസ്.പി എം.കെ. സുൽഫിക്കർ, ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനു, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.ടി. രാസിത്ത്, ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി.സി പ്രതാപചന്ദ്രൻ, വെഞ്ഞാറമൂട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.
കഴിഞ്ഞ നാലു മാസമായി അന്വേഷണ സംഘം ഇയാളുടെ പിന്നാലെയായിരുന്നു. ഇയാളുടെ താവളമായ ഒഡിഷയിലെ കോറാപുട്ട് ജില്ലയിൽ അന്വേഷണ സംഘം ആഴ്ചകളോളം താമസിച്ച് ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസ്സിലാക്കി വനത്തിനകത്തേക്ക് താമസംമാറ്റി.
ഇയാളെ പുറത്തുചാടിക്കാനായി അവസാനം പൊലീസ് സംഘം അവിടെ നിന്ന് പിന്മാറുകയായിരുന്നു. പൊലീസ് പിൻവാങ്ങിയതോടെ ഇയാൾ കേരളത്തിലേക്കും ബംഗളൂരുവിലേക്കും ലഹരി കടത്തൽ പുനരാംരംഭിച്ചു.
ദീപാവലി ആഘോഷിക്കുന്നതിനായി ഇയാൾ തമിഴ്നാട്ടിലെത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വെഞ്ഞാറമൂട് സബ് ഇൻസ്പെക്ടർ വി.എസ്. വിനീഷ്, ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം. ഫിറോസ്ഖാൻ, അസി. സബ് ഇൻസ്പെക്ടർമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, സീനിയർ സി.പി.ഒ അഷ്റഫ്, സി.പി.ഒമാരായ ഷിജു, സുനിൽരാജ് എന്നിവരടങ്ങുന്ന സംഘം ആഴ്ചകളോളം ഇയാളെത്താൻ സാധ്യതയുള്ള തമിഴ്നാട്ടിലെ ലഹരി കടത്ത് സംഘങ്ങളെ രഹസ്യമായി നിരീക്ഷിച്ച് നടത്തിയ നീക്കത്തിലൂടെയാണ് സാഹസികമായി ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.