ആറ്റിങ്ങൽ: വേനൽച്ചൂടിനെ അതിജീവിച്ച മത്സരച്ചൂടുമായി ആറ്റിങ്ങൽ ലോക്സഭ മണ്ഡലം െതരഞ്ഞെടുപ്പ് പ്രചാരണം. സ്ഥാനാർഥിയും പ്രവർത്തകരും ജനങ്ങളും വേനൽച്ചൂടിനെ വകെവക്കാതെ രംഗത്തുണ്ട്. സ്ഥാനാർഥികൾ രാവിലെ ഏഴര മുതൽ രാത്രി 10 മണി വരെ വോട്ടർമാരെ കാണുന്നുണ്ട്.
പ്രവർത്തകരും സ്ഥാനാർഥികളെ വരവേൽക്കാൻ ഉച്ചവെയിലിലും പ്രധാന കവലകളിലും സ്വീകരണകേന്ദ്രങ്ങളിലും കാത്തുനിൽക്കുന്നു.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഞായറാഴ്ച ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഏഴിന് കിളിമാനൂർ പുതിയകാവ് മാർക്കറ്റിൽനിന്ന് പര്യടനം ആരംഭിച്ചു.
കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കിളിമാനൂർ ടൗൺ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പൊരുന്തമൺ, കാട്ടുമ്പുറം, പുളിമാത്ത്, കാരേറ്റ്, കൊടുവഴന്നൂർ, നഗരൂർ എന്നിവിടങ്ങളിലെത്തി വോട്ടർമാരെ കണ്ടു. ഉച്ചവിശ്രമത്തിന് ശേഷം 3.30ന് മണമ്പൂർ നാലുമുക്കിൽനിന്ന് വീണ്ടും പര്യടനം ആരംഭിച്ചു.
കവലയൂർ, ചെറുന്നിയൂർ, പാലച്ചിറ, വടശ്ശേരിക്കോണം, ഞെക്കാട്, മാവിന്മൂട്, കടുവയിൽപള്ളി വഴി ആലംകോട് സമാപിച്ചു. വ്യാപാര സ്ഥാപനങ്ങൾ, ചന്തകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് ഞായറാഴ്ച വർക്കല നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി.
അയിരൂർ ചന്തമുക്കിൽനിന്ന് രാവിലെ എട്ടരയോടെയാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ചാരുംകുഴി, കൊച്ചു പാരിപ്പള്ളിമുക്ക്, കിഴക്കേപ്പുറം, എഴിപ്പുറം, ചാവർകോട് ജങ്ഷൻ, പാളയംകുന്ന്, കുന്നുവിള, വില്ലിക്കടവ്, ചാവടിമുക്ക്, തച്ചോട്, ശ്രീനിവാസപുരം, വട്ടപ്ലാമൂട്, നരിക്കല്ല് എന്നിവിടങ്ങളിൽ പര്യടനം നടത്തി.
ഉച്ചക്കുശേഷം തോക്കാടുനിന്ന് പര്യടനം പുനരാരംഭിച്ചു. മുത്താന, പനയറ, കുന്നത്തുമല, പറകുന്ന്, മേനാപാറ, 28ാം മൈൽ, കടമ്പാട്ടുകോണം, കെട്ടിടം ജങ്ഷൻ, പൈവേലികോണം, കിഴക്കേ നട വഴി എതുക്കാട് സമാപിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനാവലി ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തടിച്ചുകൂടിയിരുന്നു.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ ഞായറാഴ്ച കൺവെൻഷനുകൾ, കോളനി സന്ദർശനങ്ങൾ, ക്ഷേത്രസന്ദർശനം എന്നിവക്കായാണ് സമയം ചെലവഴിച്ചത്. രാവിലെ 11.30ന് വലിയവിള കോളനിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.
ചെറുകാട് കോളനി, കിളിമാനൂർ മണ്ഡലം കൺവെൻഷൻ, മുരുക്കുംപുഴ ഇഫ്താർ വിരുന്ന്, നെടുമങ്ങാട് മണ്ഡലം കൺവെൻഷൻ, ഞെട്ടയിൽ മണക്കോട് ശ്രീ ഭദ്രകാളിക്ഷേത്ര സന്ദർശനം, കല്ലമ്പലം എൻ.ഡി.എ ഓഫിസ് ഉദ്ഘാടനം എന്നിവയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.