ആറ്റിങ്ങൽ: അനുഗ്രഹങ്ങളും ആശിർവാദങ്ങളും അനുമോദനവും ആദരവും ഏറ്റുവാങ്ങി സ്ഥാനാർഥികൾ. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ പര്യടനം തുടരുന്നു. ഓരോ സ്ഥലത്തെത്തുമ്പോഴും ഓരോ രീതിയിലാണ് സ്ഥാനാർഥികൾക്ക് സ്വീകരണങ്ങൾ ലഭിക്കുന്നത്.
ഷാളണിയിച്ച് ആദരിക്കുന്ന വരും തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നവരും സ്നേഹ സൗഹൃദങ്ങൾ പങ്കെടുക്കുന്നവരും ഉണ്ട്.
ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയുടെ ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ തലസ്ഥാനത്ത് ഇ.എം.എസ്, എ.കെ.ജി, കാട്ടായിക്കൊണം ശ്രീധർ ദിനാചരണ പരിപാടികളിൽ പങ്കെടുത്താണ് ആരംഭിച്ചത്. തുടർന്ന് അരുവിക്കര നിയോജകമണ്ഡലത്തിലെ ആദിവാസി സങ്കേതങ്ങളിലേക്കായിരുന്നു പര്യടനം.
ചെരുപ്പാണി, മണ്ണാത്തി കുഴി, നാലാം കല്ല്, തേവിയാർ, കരിപ്പാലം പട്ടൻകുളിച്ചിപ്പാറ, മണിതൂക്കി, ചാത്തൻകോട്, ജേഴ്സി ഫാം, നാരകത്തിൻ കാല, മൊട്ടമൂട്, മണലി, ചെമ്പിക്കുന്ന്, കല്ലൻകുടി, കരിമ്പിൻ കാല എന്നിവിടങ്ങളിലെത്തി വോട്ടർമാരെ നേരിട്ട് കാണുകയും സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
ആദിവാസി ഊരുകളിൽ അവരുടെ തനതായ രീതിയിലും ആചാരങ്ങളിലുമാണ് സ്വീകരണം നൽകിയത്. ബുധനാഴ്ചയും ഊരറിഞ്ഞ ജോയ് എന്ന കാമ്പയിനിന്റെ ഭാഗമായി ആദിവാസി സങ്കേതങ്ങളിൽ സന്ദർശനം നടത്തും.
ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ചൊവ്വാഴ്ച രാവിലെ കോന്നിയിലെ സംഘടന പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് ആറ്റിങ്ങൽ എത്തിച്ചേർന്നത്. തുടർന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന വെഞ്ഞാറമൂട്, നെല്ലനാട് കൺവെൻഷനുകൾ സാംസ്കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുത്തു.
ക്ഷേത്രോത്സവ സ്ഥലങ്ങളുടെ സന്ദർശനത്തിനും സമയം കണ്ടെത്തി. ഈ യാത്രകൾക്കിടയിൽ പ്രധാന ജങ്ഷനുകളിലിറങ്ങി വോട്ട് തേടി. ബുധനാഴ്ച വർക്കല നിന്നും പര്യടനം ആരംഭിക്കും. പുല്ലംപാറ, വെമ്പായം എന്നിവിടങ്ങളിൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കും. വൈകീട്ട് കാട്ടാക്കട യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനിലും കണിയാപുരത്ത് ഇഫ്താർ വിരുന്നിലും പങ്കെടുക്കും.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ ചൊവ്വാഴ്ച രാവിലെ ചിറയിൻകീഴ് ആറ്റിങ്ങൽ നിയോജകമണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളെ വീടുകളിൽ കാണുന്നതിന് സമയം ചെലവഴിച്ചു. ശേഷം അഴൂരിലും പോത്തൻകോട്, വാമനപുരം എന്നിവിടങ്ങളിലും പദയാത്രകൾക്ക് നേതൃത്വം നൽകി. ബുധനാഴ്ചയും ഇതര സമുദായ സംഘടന നേതാക്കളുമായുള്ള സന്ദർശനങ്ങളും പദയാത്രകളിലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.