ആറ്റിങ്ങൽ: സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ചിത്രം വ്യക്തമായതോടെ, ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഔദ്യോഗികമായി സ്ഥാനാർഥികളുടെ പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും സ്ഥാനാർഥികൾ ആരെന്ന് ഏകദേശം ധാരണയായിക്കഴിഞ്ഞു.
ചുവരെഴുത്തുകളിലൂടെയാണ് രാഷ്ട്രീയപാർട്ടികൾ പ്രത്യക്ഷ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. സംഘടനപരമായ ചട്ടക്കൂട് ഒരുക്കുന്നതിനും സംവിധാനങ്ങളൊരുക്കുന്നതിനും നേരത്തേ തന്നെ ഓരോ രാഷ്ട്രീയ പാർട്ടിയും നീക്കം ആരംഭിക്കുകയും കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയുമാണ്.
സ്ഥാനാർഥി നിർണയ ചർച്ചകളുടെ ആദ്യ ഘട്ടത്തിൽ തന്നെ മണ്ഡലത്തിലെ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ ആരെന്ന് ധാരണയായിക്കഴിഞ്ഞു. യു.ഡി.എഫിൽ സിറ്റിങ് എം.പിമാർ തന്നെ മത്സരിക്കാൻ ഹൈകമാൻഡ് നിർദേശം വന്നതോടെ, നിലവിലെ എം.പി അടൂർ പ്രകാശ് തന്നെ വീണ്ടും മത്സരിക്കുമെന്നുറപ്പായി.
ആലപ്പുഴ മണ്ഡലം കേന്ദ്രീകരിച്ച് പദയാത്ര ഉൾപ്പെടെ ചില സജീവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതിനൽ അടൂർ പ്രകാശ് അവിടേക്ക് മാറുമെന്നൊരു സംശയം പ്രവർത്തകർക്കുണ്ടായിരുന്നു. നിലവിൽ അടൂർ പ്രകാശിനുവേണ്ടി തീരദേശ മേഖലകളിൽ ചുവരെഴുത്ത് ആരംഭിച്ചുകഴിഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം ജില്ല സെക്രട്ടറിയും വർക്കല എം.എൽ.എയുമായ അഡ്വ. വി. ജോയിയുടെ കാര്യത്തിൽ പാർട്ടിക്കുള്ളിൽ ധാരണയെത്തിയതോടെ ഇടത് അണികളിൽ ആവേശം വന്നിട്ടുണ്ട്. സ്ഥാനാർഥി ചർച്ചകളുടെ ആദ്യഘട്ടത്തിൽ തന്നെ വി. ജോയിയുടെ പേര് പ്രവർത്തകർ പ്രതീക്ഷിച്ചു.
രംഗത്തേക്ക് വരില്ലെന്നായിരുന്നു വിലയിരുത്തൽ. അതിനാൽ തന്നെ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, എ.എ. റഹീം തുടങ്ങിയ പേരുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജോയിയെ സ്ഥാനാർഥിയാക്കാൻ തീരുമാനമായതോടെ പ്രത്യക്ഷ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. അഞ്ചുതെങ്ങ് മേഖലയിൽ വ്യാപകമായി എൽ.ഡി.എഫ് ചുവരെഴുത്ത് നടത്തി. സ്ഥാനാർഥിയുടെ പേര് ഒഴിവാക്കിയാണ് എൽ.ഡി.എഫ് അണികളുടെ ചുവരെഴുത്ത്.
ആറ്റിങ്ങൽ മണ്ഡലത്തിൽ ആദ്യം സീറ്റ് ഉറപ്പാക്കിയത് നിലവിലെ കേന്ദ്രമന്ത്രി വി. മുരളീധരനാണ്. സിൽവർ ലൈൻ കടന്നുപോകുന്ന മേഖലയിലെ കരിക്കകം മുതൽ മണ്ഡലം അതിർത്തിയായ കാട്ടുപുതുശ്ശേരി വരെയുള്ള മേഖലയിലെ വീടുകൾ അദ്ദേഹം സന്ദർശിച്ചിരുന്നു. ആറ്റിങ്ങലിൽ വീട് വാടകക്കെടുത്ത് താമസവുമായി. വി. മുരളീധരൻ മുൻകൂട്ടി പ്രവർത്തനം തുടങ്ങിയതോടെ അണികളും സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.