ആറ്റിങ്ങൽ: ലോക്സഭ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലും ബി.ജെ.പിക്ക് മുന്നേറ്റം. എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ടു വിഹിതത്തിൽ കുറവുണ്ടായി. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ബൂത്തിലും ബി.ജെ.പി ലീഡ് ചെയ്തു.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് 47,695 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി വി.ജോയി 44,874 വോട്ടും എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ 42,929 വോട്ടും നേടി. 2019 പാർലമെൻറ് തെരഞ്ഞെടുപ്പിൽനിന്ന് യു.ഡി.എഫിന് 8619 വോട്ടും എൽ.ഡി.എഫിന് 2876 വോട്ടും കുറഞ്ഞപ്പോൾ ബി.ജെ.പി 10,100 വോട്ട് അധികമായി നേടി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ട് നില പരിശോധിക്കുമ്പോൾ എൽ.ഡി.എഫിന് 17,760 വോട്ട് കുറഞ്ഞു.
നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിൽ നാലിടത്ത് യു.ഡി.എഫ് ലീഡ് ചെയ്തു. അഞ്ചുതെങ്ങ്, കിഴുവിലം, കഠിനംകുളം, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലാണ് യു.ഡി.എഫ് ലീഡ് നേടിയത്.
ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് ലീഡ് നേടി. മുദാക്കൽ, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പിയും ഒന്നാം സ്ഥാനത്തെത്തി. മുദാക്കൽ ബി.ജെ.പി സ്വാധീന മേഖലയാണെങ്കിലും കടയ്ക്കാവൂരിലെ മുന്നേറ്റം മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട്.
ബി.ജെ.പി മുന്നേറിയപ്പോൾ കടയ്ക്കാവൂർ, ചിറയിൻകീഴ്, മുദാക്കൽ, അഴൂർ പഞ്ചായത്തുകളിൽ യു.ഡി.എഫും കിഴുവിലം പഞ്ചായത്തിൽ എൽ.ഡി.എഫും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഴൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് മുന്നിട്ടുനിന്നെങ്കിലും സ്ഥാനാർഥിയുടെ ബൂത്തിൽ ബി.ജെ.പിക്കാണ് ലീഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.