ആറ്റിങ്ങൽ: പനി പടരുന്നു, ആശുപത്രികളിൽ തിരക്ക് വർധിക്കുന്നു. ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിലും ആറ്റിങ്ങൽ, കല്ലമ്പലം മേഖലകളിലെ പി.എച്ച്.സികളിലും പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. നാവായിക്കുളത്ത് സിക വൈറസും ഇതര തദ്ദേശ സ്ഥാപനങ്ങളിൽ ഡെങ്കിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊതുക് ജന്യ രോഗങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ആറ്റിങ്ങൽ വലിയകുന്ന് ഗവ. താലൂക്കാശുപത്രിയിൽ പ്രതിദിനം വരുന്ന രോഗികളുടെ എണ്ണം ഇരട്ടിയായി വർധിച്ചു. ആയിരത്തിലധികം രോഗികൾ പ്രതിദിനം ചികിത്സ തേടിയിരുന്ന ഈ ആശുപത്രിയിൽ നിലവിൽ രണ്ടായിരം വരെയായി രോഗികളുടെ എണ്ണം. പ്രത്യേക പനി ക്ലിനിക് ആരംഭിച്ചിട്ടുണ്ട്.
ഇവിടെയെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഹരിത കർമ സേനയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സന്നദ്ധ സേവനവും ആശാ വർക്കർമാരുടെ സഹായത്തോടെയുമാണ് ശുചീകരണം. റസിഡൻറ്സ് അസോസിയേഷനുകൾ വീട് വീടാന്തരം സന്ദർശിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ വേഗത്തിൽ നീക്കംചെയ്യുന്നു. എസ്കവേറ്റർ ഉൾപ്പെടെ ഉപയോഗിച്ച് കാട് കയറിയ മേഖലകളിൽ ശുചീകരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.