ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ മത്സ്യത്തൊഴിലാളി അതിക്രമത്തിനിരയായ സംഭവത്തിൽ നിജസ്ഥിതി അറിയാൻ ആറ്റിങ്ങൽ നഗരസഭ അന്വേഷണ കമീഷനെ നിയോഗിച്ചു. സീനിയർ സൂപ്രണ്ട് റാങ്കിലുള്ള രണ്ടു ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. നഗരസഭ കണ്ടിൻജൻറ് വിഭാഗം ജീവനക്കാർ മത്സ്യ വിൽപന തൊഴിലാളിയോട് വളരെ മോശമായി പെരുമാറിയെന്ന ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് നടപടി.
അതേ സമയം വളരെ മാന്യമായ രീതിയിലാണ് ജീവനക്കാർ പെരുമാറിയതെന്നും വാസ്തവമല്ലാത്ത വാർത്തകളാണ് ഇത് സംബന്ധിച്ച് വരുന്നതെന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കും. മത്സ്യ വിപണനത്തിനായി അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തുകയാണ് ബന്ധപ്പെട്ടവർ ചെയ്യേണ്ടതെന്നും ചെയർപേഴ്സൺ പറഞ്ഞു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ അവനവഞ്ചേരി രാജു, രമ്യ, നജാം, ഗിരിജ തുടങ്ങിയവരും പങ്കെടുത്തു.
മത്സ്യത്തൊഴിലാളിക്കെതിരായ കേസ് പിൻവലിക്കണം –ഉമ്മൻ ചാണ്ടി
ആറ്റിങ്ങൽ: നഗരസഭ ജീവനക്കാരുടെ അക്രമത്തിനിരയായി പരിക്കേറ്റ മത്സ്യത്തൊഴിലാളിക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു.
അഞ്ചുതെങ്ങിലെ വീട്ടിൽ എത്തി അൽഫോൺസയെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. അക്രമത്തിനിരയായ സ്ത്രീ തൊഴിലാളിക്ക് നേരെ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുത്തത് ശരിയല്ല. ഈ കേസ് പിൻവലിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ്, ഡി.സി.സി അംഗം നെൽസൺ ഐസക്, എം.ജെ. ആനന്ദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.എസ്. അനൂപ്, മണ്ഡലം പ്രസിഡൻറ് ഷെറിൻ ജോൺ, പഞ്ചായത്ത് അംഗം യേശുദാസൻ സ്റ്റീഫൻ, ജൂഡ് ജോർജ്, ഷീമ ലെനിൻ, ക്രിസ്റ്റി സൈമൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിഫിൻ, പെരുംകുളം അൻസാർ, ഇമാമുദ്ദീൻ, ഫാദർ ലൂസിയാൻ തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യക്കച്ചവട സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അപലപനീയം –ലത്തീൻ അതിരൂപത
തിരുവനന്തപുരം: അടുത്തകാലത്തായി മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾക്കു നേരെ നടക്കുന്ന അതികമങ്ങളിൽ തിരുവനന്തപുരം ലത്തീൻ അതി രൂപത ശക്തമായ പ്രതിഷേധം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകളെ അക്രമിക്കുന്ന പ്രവണത ഏറിവരുന്നു. ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ആറ്റിങ്ങലിൽ നടന്നത്. അഞ്ചുപേരടങ്ങുന്ന നിർധന കുടുംബത്തിെൻറ ഏക അത്താണിയായ അൽഫോൺസ വിൽപനക്കായി െവച്ചിരുന്ന മത്സ്യം റോഡിൽ വലിച്ചെറിയുകയും വിൽപനോപകരണങ്ങൾ തട്ടിത്തെറിപ്പിക്കുകയും ചെയ്ത ആറ്റിങ്ങൾ നഗരസഭാ ജീവനക്കാരുടെ നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. ശക്തമായ നടപടികൾ സർക്കാറിെൻറ ഭാഗത്തുനിന്ന് അടിയന്തരമായുണ്ടാകണമെന്ന് അതിരൂപത അഭ്യർഥിച്ചു.
നഗരസഭാ ജീവനക്കാരെ പിരിച്ചുവിടണം –ബി.ജെ.പി
ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ മത്സ്യക്കച്ചവടം നടത്തിയ സ്ത്രീയെ ൈകയേറ്റം ചെയ്ത് മത്സ്യം പിടിച്ചെടുത്തുകൊണ്ടുപോയ നഗരസഭ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ. ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ മുനിസിപ്പാലിറ്റി മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ല പ്രസിഡൻറ് മണമ്പൂർ ദിലീപ്, മണ്ഡലം ജനറൽ സെക്രട്ടറി അജിത് പ്രസാദ്, ശിവൻപിള്ള, ഹരിപ്രിയ, രമ്യ, ഷിജിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.