ആറ്റിങ്ങൽ: അഞ്ചു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ പ്രതിക്ക് ആറ്റിങ്ങൽ പോക്സോ കോടതി 10 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെള്ളല്ലൂർ വട്ടവിള സ്വദേശി രാഘവനാണ് പ്രതി. പിഴത്തുക അതിക്രമത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും തുക കെട്ടിവെക്കാത്തപക്ഷം ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കുന്നത് സംബന്ധിച്ച് പോക്സോ നിയമം അനുശാസിക്കുന്ന 6 ആർ/ഡബ്ലിയു 5 (എം) വകുപ്പ് പ്രകാരം പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.
2016 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന് പോയി മടങ്ങിവരവെ കുഞ്ഞിനെ പ്രതി കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കിളിമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) അഡീഷനൽ ഡിസ്ട്രിക്റ്റ് ജഡ്ജ് പ്രഭാഷ് ലാൽ ടി.പി വിധി പ്രസ്താവിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
കിളിമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ യഹിയ അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ എട്ട് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. അതിക്രമത്തിനിരയായ കുട്ടിയുടെ മൊഴിയും മെഡിക്കൽ പരിശോധനരേഖയും കേസിലെ പ്രധാന തെളിവുകളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.