ആറ്റിങ്ങൽ: മദ്യലഹരിയിൽ അക്രമംകാട്ടിയ മുൻ കൊലക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. വടക്കേ അരയതുരുത്തി കായൽവാരം വീട്ടിൽ കിരൺ ബാബു (30), തെക്കേ അരയതുരുത്തി കൊച്ചുതോപ്പിൽ വീട്ടിൽ മനു ജോൺസൺ (30), ചിറയിൻകീഴ്, കുന്നിൽ വിളയിൽ വീട്ടിൽ ശരത് (23), പുതുക്കരി, മുക്കാലുവട്ടം, ഉദയഭവനിൽ അതുൽ രാജ് (18) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. മദ്യ ലഹരിയിൽ ആയുധങ്ങളുമായി പുതുക്കരി, അരയതുരുത്തി, ഇഞ്ചക്കൽ, ശാർക്കര എന്നീ സ്ഥലങ്ങളിൽ വിഹരിച്ച ആക്രമികൾ നാലുപേരെ മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപിച്ചു. സംഭവത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്റെ നിർദേശപ്രകാരം ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അമിർത്ത് സിങ് നായകം, സുനിൽ, ശ്രീജിത്ത്, സി.പി.ഒമാരായ നൂറുൽ അമീൻ, അഭിജിത്, മുജീബ്, അരവിന്ദ്, വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നാലു സ്ഥലങ്ങളിലെ അക്രമത്തിനു പ്രതികൾക്കെതിരെ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഈ കേസുകളിലെ ഒന്നാം പ്രതി കിരൺ ബാബു 2017ൽ നടന്ന ബിനു വധക്കേസിലെ മുഖ്യപ്രതിയാണ്. ഇയാൾക്കെതിരെ ചിറയിൻകീഴ്, അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ ഗുണ്ട നിയമപ്രകാരമുള്ള നടപടികൾ തുടങ്ങിയതായി എസ്.എച്ച്.ഒ ജി.ബി. മുകേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.