ആറ്റിങ്ങൽ: ചെമ്പ്-വെള്ളി ആഭരണങ്ങളിൽ തൂക്കത്തിന്റെ 10 മുതൽ 15 ശതമാനം വരെ സ്വർണം പൂശി സ്വർണാഭരണമെന്ന് ധനകാര്യ സ്ഥാപനങ്ങളെ ബോധിപ്പിച്ച് പണയം വെച്ച് 1.5 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. ഇടയ്ക്കോട് ഊരുപൊയ്ക മങ്കാട്ടുമൂല ആതിര ഭവനിൽ അരുണിനെയാണ് (33) അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ആലംകോട് വൃന്ദാവൻ ഫൈനാൻസിയേഴ്സിൽ ജൂലൈയിൽ നാല് പവനോളം സ്വർണം വ്യാജ ആധാർ കാർഡ്, ഇലക്ഷൻ ഐ.ഡി കാർഡ്, ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ എന്നിവ ഉപയോഗിച്ച് പണയംവെച്ച് 1.5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ബംഗളൂരു സ്വദേശിയിൽനിന്നാണ് സ്വർണം പൂശിയ ആഭരണങ്ങൾ വാങ്ങിയിരുന്നത്. ഹാൾമാർക്കും 916 എംബ്ലവും പതിപ്പിച്ച ആഭരണങ്ങൾ സാധാരണ രീതിയിൽ അപ്രൈസർമാർ പരിശോധിച്ചാൽ മനസ്സിലാകില്ല. മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും പ്രതി പലപേരിൽ പണയംവെച്ചിട്ടുണ്ട്. പല പേരുകളിലും വിലാസങ്ങളിലുമുള്ള ആധാർ കാർഡിന്റെ പകർപ്പുകൾ പ്രതിയിൽനിന്ന് കണ്ടെടുത്തു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളിൽ പ്രതി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്. മഞ്ജുലാലിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഗോപകുമാർ ജി, എസ്.ഐമാരായ സജിത്ത് എസ്, ജിഷ്ണു എം.എസ്, പൊലീസുകാരായ ശരത്കുമാർ എൽ.ആർ, പ്രേംകുമാർ, വിഷ്ണുലാൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.