ആറ്റിങ്ങൽ: 45 വനിതകളെ കുരുക്കിലാക്കി സഹകരണസംഘം പ്രസിഡൻറിന്റെ നേതൃത്വത്തിൽ ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ്. ആറ്റിങ്ങൽ ആലംകോട് പുളിമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്.
സ്വയം തൊഴിൽ വായ്പ പദ്ധതിയുടെ പേരിൽ 45 വനിതകളിൽനിന്ന് ഒപ്പുവാങ്ങി വായ്പ അനുവദിച്ച് ആ തുക ബാങ്ക് പ്രസിഡൻറ് ചെയർമാനായുള്ള സ്വകാര്യ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റുകയും പശു ഫാം തുടങ്ങാനെന്ന പേരിൽ പിൻവലിക്കുകയുമായിരുന്നു. ഇതേ ബാങ്കിൽതന്നെയാണ് ട്രസ്റ്റിന്റെ അക്കൗണ്ടും പ്രവർത്തിച്ചത്.
ശേഷം, നാമമാത്രമായ പശുക്കളെ വാങ്ങി വിദ്യനികേതൻ സ്കൂളിനുണ്ടായിരുന്ന ഭൂമിയിൽ ഫാം തുടങ്ങുകയും മൂന്ന് മാസത്തിനുശേഷം പൂട്ടുകയും ചെയ്തു. ഫാമിന്റെ വരുമാനത്തിൽനിന്ന് വായ്പ അടവ് നടക്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യ ആറ് മാസക്കാലം വായ്പ അടവ് ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ട്.
വായ്പ കുടിശ്ശികയെതുടർന്ന് ബാങ്ക് നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങളുടെ പേരിൽ അരലക്ഷം രൂപയുടെ വായ്പയുണ്ടെന്നും തട്ടിപ്പിനിരയായെന്നും 45 വനിതകൾ അറിയുന്നത്. സംഭവത്തെതുടർന്ന് അന്വേഷിക്കാനെത്തിയ സ്ത്രീകളെ ബാങ്ക് ഭാരവാഹികൾ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
ബി.ജെ.പി നേതൃത്വത്തിലുള്ള സഹകരണസംഘമാണ് ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി. തട്ടിപ്പ് പുറത്തുവന്നതോടെ സംഘം പ്രസിഡൻറ് ശിവശങ്കരക്കുറുപ്പ് തൽസ്ഥാനത്തുനിന്നും ബോർഡ് മെംബർ സ്ഥാനത്തുനിന്നും രാജിവെച്ചു. മറ്റൊരു ബോർഡ് അംഗമായ അജയകുമാറും രാജിവെച്ചു.
വൈസ് പ്രസിഡൻറായിരുന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം തോട്ടയ്ക്കാട് ശശിക്കാണ് നിലവിൽ ബാങ്കിന്റെ പ്രസിഡൻറ് ചുമതല. ബാങ്കിൽനിന്ന് 45 പേർക്ക് പശു വളർത്തൽ പദ്ധതിക്ക് വ്യക്തിഗത വായ്പയാണ് നൽകിയിട്ടുള്ളതെന്നും നിയമപരമായി മാത്രമേ വായ്പ അനുവദിച്ചിട്ടുള്ളൂവെന്നും തിരിച്ചടയ്ക്കാൻ വായ്പയെടുത്തവർ ബാധ്യസ്ഥരാണെന്നും തോട്ടക്കാട് ശശി പറഞ്ഞു.
സ്വകാര്യ ട്രസ്റ്റ് നടത്തിയ തട്ടിപ്പിന് ബാങ്കുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിനിരയായവർ ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.