ആറ്റിങ്ങൽ: ആലംകോട് കടയ്ക്കാവൂർ റോഡിൽ ഗുണ്ടാവിളയാട്ടം, ചുമട്ടുതൊഴിലാളിക്ക് നേരെ ആക്രമണം. ആലംകോട് തൊപ്പിചന്ത മേഖലയിലാണ് രാത്രികാലങ്ങളിൽ ഗുണ്ടകളുടെ വിളയാട്ടം. കഴിഞ്ഞദിവസം വെളുപ്പിന് രണ്ടിന് ആലംകോട് മത്സ്യമാർക്കറ്റിലേക്ക് പോയ തൊഴിലാളിയായ ഷൈജുവിനെ രണ്ട് അംഗസംഘം റോഡിൽ തടഞ്ഞുനിറുത്തി ആക്രമിക്കാൻ ശ്രമിച്ചു.
വടിവാളുമായി റോഡിന്റെ നടുവിലിറങ്ങി തടയാൻ ശ്രമിച്ചപ്പോൾ ഇവരെ വെട്ടിച്ച് മുന്നോട്ട് പോയി. അപ്പോൾ പാറക്കഷ്ണങ്ങൾ എടുത്തെറിഞ്ഞു. ഏറുകൊണ്ട ഷൈജുവിന് തലക്ക് ഗുരുതരമായ പരിക്കേറ്റു. ഇതേ സമയം മറ്റു വാഹനങ്ങൾ വന്നതിനാൽ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഷൈജുവിനെ കെ.ടി.സി.ടി ഹോസ്പിറ്റലെത്തിച്ചു. ഉടൻ തന്നെ കടയ്ക്കാവൂർ പൊലീസിന് വിവരമറിയിക്കുകയും ചെയ്തു.
അക്രമി സംഘങ്ങൾ തമ്പടിച്ചിരുന്ന ഭാഗത്ത് തെരുവിളക്കുകൾ എറിഞ്ഞു തകർക്കപ്പെട്ട നിലയിലും ആയിരുന്നു. ഉച്ചക്ക് രണ്ടുമുതൽ ആലംകോട് കടയ്ക്കാവൂർ റോഡിൽ തൊപ്പിച്ചന്ത മേഖലയിൽ ഇത്തരം ഗുണ്ട സംഘങ്ങൾ സജീവമാണ്. ആലംകോട് മാർക്കറ്റിൽ പോകുന്ന മത്സ്യത്തൊഴിലാളികളും മത്സ്യകച്ചവടക്കാരുമാണ് ആക്രമണത്തിന് ഇരയാകുന്നത്. കഞ്ചാവ്. മയക്കുമരുന്ന് മദ്യപാനികളുടെ ശല്യവും ഏറെയാണ് ഈ ഭാഗത്ത്.
പൊലീസിന്റെ രാത്രികാല റോന്തുചുറ്റലില്ലാത്തതും അക്രമി സംഘങ്ങൾക്ക് വളരെ എളുപ്പമാണ്. അടിയന്തരമായി അക്രമി സംഘങ്ങളെ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പ്രതികളെ പിടികൂടണമെന്നും രാത്രി സമയങ്ങളിൽ പൊലീസിന്റെ റോന്തുചുറ്റൽ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.