ആറ്റിങ്ങല്‍: ഗവ. മോഡല്‍ ബോയ്സ് എച്ച്.എസ്.എസിലേക്ക് ഇനി പെൺകുട്ടികളും. അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്ലാ ക്ലാസുകളിലേക്കും പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
പൊതുവിദ്യാഭ്യാസവകുപ്പ് 17ന് പുറപ്പെടുവിച്ച 1297/2024 നമ്പര്‍ ഉത്തരവിലാണ് ആറ്റിങ്ങല്‍ ബോയ്സിനെ മിക്സഡ് സ്കൂളാക്കി മാറ്റിയത്. ഇതോടെ, 74 വര്‍ഷം നീളുന്ന സ്കൂളിന്റെ ആണ്‍കോയ്മ അവസാനിക്കുകയാണ്. ആറ്റിങ്ങല്‍ ഗവ. മോഡല്‍ വി. ആന്‍ഡ് എച്ച്.എസ്.എസ് എന്നാകും ഇനി സ്കൂള്‍ അറിയപ്പെടുക. ആറു മുതല്‍ പ്ലസ് ടു വരെയും വി.എച്ച്.എസ്.ഇയും സ്കൂളിലുണ്ട്. ആറുമുതല്‍ 10 വരെ ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
വി.എച്ച്.എസ്.ഇ, പ്ലസ് ടു വിഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നേരത്തേ അനുവദിച്ചിട്ടുണ്ട്. സ്കൂളുകളില്‍ ആണ്-പെണ് വിവേചനം പാടില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും യോഗം ചേര്‍ന്ന് സ്കൂള്‍ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിന് വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകി. നഗരസഭ കൗണ്‍സിലും ഇതിനെ പിന്തുണച്ചു. വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് ഉത്തരവ്. മിക്സഡ് സ്കൂളായി തുടങ്ങുകയും പിന്നീട് ആണ്‍പള്ളിക്കൂടമായി മാറുകയും വീണ്ടും മിക്സഡ് സ്കൂളായി മാറുകയും ചെയ്യുന്നെന്ന പ്രത്യേകത കൂടി സ്കൂളിനുണ്ട്.
തിരുവിതാംകൂറില്‍ 1912ല്‍ ആരംഭിച്ച നാല് ഹയര്‍ഗ്രേഡ് ഇംഗ്ലീഷ് സ്കൂളുകളില്‍ ഒന്നാണ് സ്കൂള്‍. ചിറയിന്‍കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ പിന്നീട് കോയിക്കല്‍ കൊട്ടാരത്തിനടുത്തേക്കും അവിടെനിന്ന് ടൗണ്‍ യു.പി സ്കൂള്‍ നിൽക്കുന്ന സ്ഥലത്തേക്കും മാറ്റി.
സ്ഥലപരിമിതി അുഭവപ്പെട്ടതോടെ, അന്ന് ബ്രാഹ്മണ സമുദായത്തിന്റെ ശ്മശാനമായിരുന്ന പതിനെട്ടേക്കറോളം വരുന്ന ഭൂമിയിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു. ആറ് ക്ക്സ് മുറികളില്‍ തുടങ്ങിയ സ്കൂള്‍ ഇന്ന് അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ് മുറികളോടുകൂടിയ വിപുലമായ അടിസ്ഥാനസൗകര്യങ്ങളുള്ള ഒന്നായി വളര്‍ന്നു. 1950ല്‍ ഗവ.ഗേള്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നതുവരെ ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് പഠിച്ചിരുന്നത്. മിക്സഡ് സ്കൂൾ പ്രഖ്യാപനം വ്യാഴാഴ്ച ഒ.എസ്. അംബിക എം.എൽ.എ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.