ആറ്റിങ്ങൽ: ആലംകോട് പുളിമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി സ്ത്രീകളെ കബളിപ്പിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസിഡൻറ് ശിവശങ്കരക്കുറുപ്പ് ചെയർമാനായ ശ്രീ ഗോകുലം ട്രസ്റ്റിന്റെ പേരിലാണ് നിക്ഷേപ തട്ടിപ്പ് നടത്തിയത്. സംഘത്തിൽ നിന്ന് അനുവദിച്ച വായ്പ തുക ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
തട്ടിപ്പിനിരയായ 45 സ്ത്രീകളാണ് പരാതി നൽകിയത്. ഇവർ നേരേത്ത ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. ട്രസ്റ്റ് പ്രവർത്തിച്ചത് നഗരൂർ സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി നഗരൂർ പൊലീസിന് കൈമാറി. തട്ടിപ്പിന് ഇരയായ പതിനഞ്ചോളംപേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ശ്രീ ഗോകുലം ട്രസ്റ്റ് ചെയർമാൻ ശിവശങ്കരക്കുറുപ്പ്, പ്രസിഡൻറ് അശോകൻ, സെക്രട്ടറി അപ്സര എന്നിവരുടെ പേരുകളിലാണ് കേസെടുത്തത്. അപ്സരയും തട്ടിപ്പിന് ഇരയാണ്. തട്ടിപ്പ് നടത്തിയവർ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളും ഇരയായവരിൽ ഭൂരിഭാഗവും ബി.ജെ.പി അനുകൂല കുടുംബങ്ങളിലെ സ്ത്രീകളുമാണ്.
വായ്പ അടവ് മുടങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞു. എന്നാൽ ബാങ്കിൽ നിന്ന് നോട്ടീസ് അയച്ചിരുന്നില്ല. ബാങ്ക് പ്രസിഡൻറ് ശിവശങ്കരക്കുറുപ്പ് ഇടപെട്ട് നോട്ടീസ് അയക്കുന്നത് തടയുകയായിരുന്നു. എന്നാൽ സമീപകാലത്ത് സഹകരണ ഉദ്യോഗസ്ഥർ നടത്തിയ ഓഡിറ്റിന് ശേഷം നോട്ടീസ് അയക്കാൻ ജീവനക്കാർ നിർബന്ധിതരായി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
വായ്പയാണെന്ന് അറിയാതെയാണ് ഭൂരിഭാഗം സ്ത്രീകളും ഒപ്പിട്ടുകൊടുത്തത്. തട്ടിപ്പിന് ഇരയായ സ്ത്രീകൾ സംഘത്തിലെത്തിയപ്പോൾ വായ്പ അപേക്ഷയും പൈസ കൈപ്പറ്റിയ രസീത് ഉൾപ്പെടെ സെക്രട്ടറി കാണിച്ച് കൊടുക്കുന്നു.
എന്നാൽ വ്യക്തിഗത വായ്പ തങ്ങളുടെ അക്കൗണ്ടിൽ വന്നതിന്റെ രേഖകൾ കാണിക്കണം എന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. സഹകരണ നിയമ പ്രകാരം നടപടികൾ പാലിച്ചാണ് വായ്പ അനുവദിച്ചതെന്നും വായ്പ കാലാവധി ബാക്കിയുള്ളതിനാലാണ് നോട്ടീസ് അയക്കാൻ വൈകിയതെന്നും സെക്രട്ടറി ചിത്തിര ഹരിദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.