ആറ്റിങ്ങൽ: പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതിപ്രകാരം നിർമ്മാണം നടക്കുന്ന കടവിള - മുല്ലശ്ശേരി മുക്ക് റോഡിന്റെ തടസ്സങ്ങൾ ഉടൻ നീങ്ങുമെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി. ജല അതോറിറ്റിയുടെ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പണികൾ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട അടൂർ പ്രകാശ് എം.പി ജല മന്ത്രി റോഷി അഗസ്റ്റിൻ, ജല അതോറിറ്റി മാനേജിങ് ഡയറക്ടർ, ജോയന്റ് മാനേജിങ് ഡയറക്ടർ എന്നിവരുമായി ബന്ധപ്പെടുകയും പ്രശ്നം അവരുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തു.
മാനേജിങ് ഡയറക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് കഴിഞ്ഞദിവസം സമർപ്പിച്ചു. 5.65 കിലോമീറ്റർ നീളമുള്ള കടവിള - മുല്ലശ്ശേരിമുക്ക് റോഡിൽ 2.5 കിലോമീറ്റർ വരെയുള്ള ഭാഗത്ത് നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ബാക്കി മൂന്നു കിലോമീറ്റർ ദൂരത്തിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. 220 മീറ്റർ ഭാഗത്തെ പൈപ്പുകൾ മാത്രം മാറ്റിയാൽ മതിയെന്ന് പ്രോഗ്രാം മോണിറ്ററിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും റോഡ് നിർമ്മാണം നടക്കുന്നതും പൈപ്പ് ലൈൻ കടന്നു പോകുന്നതുമായ മൂന്ന് കിലോമീറ്റർ ദൂരത്തെ പൈപ്പുകൾ മാറ്റണമെന്നതായിരുന്നു ജല അതോറിറ്റിയുടെ ആവശ്യം. 220 മീറ്റർ മാത്രം സ്ഥലത്തെ പൈപ്പ് മാറ്റിയാൽ മതിയെന്ന് അംഗീകരിക്കുന്നതോടെ പണി മുന്നോട്ടു പോകുവാൻ കഴിയുമെന്ന് അടൂർ പ്രകാശ് എം. പി. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.