ആറ്റിങ്ങൽ: പ്രതിഭകളെ വരവേൽക്കാൻ നഗരം ഒരുങ്ങി; ജില്ല കലോത്സവത്തിന് ഇന്ന് തിരിതെളിയും. ജില്ലയിലെ യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം സ്കൂൾ കലോത്സവം, അറബിക് കലോത്സവം, സംസ്കൃതോത്സവം എന്നിവ ആണ് നടക്കുന്നത്.
ആദ്യദിനം 2047 പ്രതിഭകൾ തങ്ങളുടെ കലാവൈഭവം അവതരിപ്പിക്കും. എല്ലാ രചനമത്സരങ്ങളും ചൊവ്വാഴ്ച ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സ്റ്റേജ് മത്സരങ്ങൾ നാല് സ്കൂളുകളിലും ഡി.ഇ.ഒ ഓഫീസ് കോമ്പൗണ്ടിലെയും വേദികളിൽ ആരംഭിക്കും. സ്റ്റേജുകളിൽ ഒഴിവ് വരുന്ന സമയത്ത് മുൻ കലാപ്രതിഭകളുടെ കലാ പ്രകടനങ്ങൾക്കും കലോത്സവ നഗരി വേദിയാകും. മിമിക്രി, തിരുവാതിര, മോണോ ആക്ട് തുടങ്ങിയ കലാ പരിപാടികൾ ആണ് പ്രദർശനമായി നടത്തുന്നത്.
ജില്ലതല സ്കൂൾ കലോത്സവത്തിന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ തിരി തെളിക്കും. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ മുഖ്യ വേദിയിലാണ് ഉൽഘാടന സമ്മേളനം. യോഗത്തിൽ ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിക്കും. കലോത്സവ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും അപ്പീൽ മുഖാന്തിരം മത്സരാർഥികൾ എത്തുമ്പോൾ സമയ ക്രമത്തിൽ മാറ്റം വന്നേക്കുമെന്നും സംഘാടക സമിതി ജനറൽ കൺവീനറും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ ജെ. തങ്കമണി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആറ്റിങ്ങൽ: ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ തയാറാക്കിയത് ഇതേ കലോത്സവത്തിലെ മത്സരാർത്ഥിയാണ്. ചിറയിൻകീഴ് ശാരദ വിലാസം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്വൺ ബയോളജി വിദ്യാർഥിനി ആർദ്ര പ്രേം എന്ന മിടുക്കിയാണ് ജില്ലയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ലോഗോ ഒരുക്കിയത്.
കുട്ടിക്കാലം മുതൽ ചിത്രരചനയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആർദ്ര മൂന്നാം ക്ലാസ് മുതൽ ചിത്രരചന പഠിക്കുന്നതിനും സമയം കണ്ടെത്തി. ഇപ്പോഴും തുടരുന്നു. പത്താം ക്ലാസിൽ പഠിക്കവെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓയിൽ പെയിൻറിങിന്എഗ്രേഡ് ലഭിച്ചിരുന്നു. എസ്. പ്രേംനാഥ് - വി.എസ്. അശ്വതി ദമ്പതികളുടെ മകളാണ്.
ആറ്റിങ്ങൽ: ഷീറ്റുമേഞ്ഞു തീർന്നില്ല, വെള്ളം എത്തിയില്ല. എങ്കിലും കലോത്സവ അടുക്കള പാലുകാച്ചി ഉദ്ഘാടനം ചെയ്തു. ജില്ല സ്കൂൾ കലോത്സവത്തിന്റെ അടുക്കളയും ഊട്ടുപുരയും ആറ്റിങ്ങൽ ഗവ. കോളേജ് ഗ്രൗണ്ടിലാണ് സ്ഥാപിച്ചത്. ഊട്ടുപുരയുടെ ഷീറ്റ് മേയൽ പൂർത്തിയായി. അടുക്കള നിർമ്മാണം തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ചു. അടുക്കള ഉദ്ഘാടനം ഊട്ടുപുരയിൽ നടത്തി ചടങ്ങ് പൂർത്തിയാക്കി.
ചൊവ്വാഴ്ച പുലർച്ചെ അടുക്കള തയ്യാറാകും എന്നാണ് സംഘാടകരുടെ ശുഭാപ്തി വിശ്വാസം. കോളജ് ഗ്രൗണ്ടിലേക്ക് പൈപ്പ്ലൈൻ ഇല്ലാത്തതിനാൽ പ്രത്യേകം ലൈൻ സ്ഥാപിച്ച് വെള്ളമെത്തിക്കാനുള്ള ശ്രമമാണ് തിങ്കളാഴ്ച രാത്രി വൈകിയും തുടരുന്നത്. ഡയറ്റ് സ്കൂളിൽ ഒരുസ്റ്റേജും പന്തലും കൂടി നിർമ്മിക്കേണ്ടതുണ്ട്. ഇൻറർലോക്ക് ഇളക്കുന്നതിന് സ്കൂൾ പി.ടി.എ തടസ്സം ഉന്നയിച്ചതോടെ ജോലിക്കാർ പണി നിർത്തിവെച്ചു.
തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇടപെടുകയും ഇന്റർലോക്ക് തിരിച്ച് സ്ഥാപിച്ചു നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പന്തൽനിർമ്മാണം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഭക്ഷണം നൽകുന്നത് കോളജ് ഗ്രൗണ്ടിലാണ്.
ഗേറ്റ് കടന്ന് അര കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമേ ഭക്ഷണപന്തലിൽ എത്തൂ. എന്നാൽ സർവകലാശാല പരീക്ഷ നടക്കുന്ന ദിവസം കോളജ് വളപ്പിൽ ഇതരവാഹനങ്ങൾ കടത്തിവിടാനാകില്ല എന്ന നിലപാടാണ് കോളജ് അധികൃതർക്ക്. ഈ വിഷയത്തിൽ ചർച്ച പുരോഗമിക്കുന്നതേയുള്ളൂ.
ആറ്റിങ്ങൽ: ജില്ല സ്കൂൾ കലോത്സവം പാർക്കിങിന് പ്രത്യേക സ്ഥലങ്ങൾ നിർദേശിച്ചു. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഡയറ്റ്, ടൗൺ യു.പി.എസ് എന്നിവിടങ്ങളിലും എത്തുന്ന വാഹനങ്ങൾ മത്സരാർത്ഥികളെ ഇറക്കിയ ശേഷം കൊല്ലമ്പുഴ കൊട്ടാരം, തിരുവാറാട്ട്കാവ് ക്ഷേത്രത്തിന് മുന്നിലെ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഡി.ഇ.ഒ ഓഫീസ് എന്നിവിടങ്ങളിലെ വേദികളിലെത്തുന്ന വാഹനങ്ങൾ മത്സരാർഥികളെ ഇറക്കിയ ശേഷം മാമം മൈതാനിയിൽ വാഹനം പാർക്ക് ചെയ്യണം. ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ സമീപത്തെ കരിച്ചിയിൽ ക്ഷേത്ര ഗ്രൗണ്ടും ഇവിടേക്കുള്ള റോഡിന്റെ ഒരു വശവും പാർക്കിങിന് അനുവദിക്കും.
ഗവ. കോളജ് ഗ്രൗണ്ടിൽ ഉൾപെടെ അതത് ദിവസത്തെ സാഹചര്യം നോക്കി കൂടുതൽ പാർക്കിങ് സ്ഥലം ഒരുക്കുമെന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.