കു​ടും​ബ​ശ്രീ വ​ഴി വി​ത​ര​ണം ചെ​യ്ത കോ​ഴി​യും കൂ​ടും

കോഴിയും കൂടും'പദ്ധതി പാളുന്നു

ആറ്റിങ്ങൽ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ 'കോഴിയും കൂടും പദ്ധതി' പാളുന്നു. കുടുംബശ്രീയുടെ തനത് പദ്ധതി പ്രകാരം തൊഴിൽരഹിതരായ വനിതകൾക്ക് വരുമാനമുണ്ടാക്കാൻ വേണ്ടിയാരംഭിച്ച മുട്ടക്കോഴി പദ്ധതിയാണ് അവതാളത്തിലായത്.

കോഴിക്കൂട്, 25 കോഴിക്കുഞ്ഞ്, ഒരു ചാക്ക് തീറ്റ എന്നിവക്കായി 18,500 രൂപയാണ് ഗുണഭോക്തൃ വിഹിതം. പണം ഇല്ലാത്തവർക്ക് ബാങ്ക് വായ്പയും നൽകിയാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമ പഞ്ചായത്തിലെ 57 പേരെ കുടുംബശ്രീ ഗുണഭോക്താക്കളായി തെരഞ്ഞെടുത്ത് സെപ്റ്റംബർ ആദ്യവാരംതന്നെ കോഴിയും കൂടും നൽകി.

രണ്ടു മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. രണ്ടു മാസം കഴിഞ്ഞ് മുട്ടയിടുന്ന ബി.ബി മൂന്ന് ഇനത്തിൽപ്പെട്ട കോഴികളെയും വിതരണം ചെയ്തു. കോഴിയും കൂടും ലഭിച്ച ദിവസം മുതൽതന്നെ കോഴികൾ ചത്തു തുടങ്ങി. മുഴുവൻ കോഴികളും ചത്ത ഗുണഭോക്താക്കളും നിരവധിയാണ്.

പദ്ധതി പ്രകാരം വക്കം ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്ത കോഴികളിൽ പകുതിയിലധികം ഇതിനകം ചത്തു. രണ്ടര മാസം കഴിഞ്ഞിട്ടും ബാക്കിയുള്ള കോഴികൾ മുട്ടയിടാനും തുടങ്ങിട്ടില്ല.

ഇനിയും മാസങ്ങൾ കഴിഞ്ഞാലേ കോഴികൾ മുട്ടയിടാനുള്ള വളർച്ചെയെത്തൂ എന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. വിതരണം ചെയ്ത കൂട്ടിനും ഗുണനിലവാരമില്ലെന്നും ആക്ഷേപമുണ്ട്. 25 കോഴികൾക്ക് ഒരു ദിവസം നാലു കിലോ തീറ്റ വേണം. ഇതിന് 150 രൂപ ചെലവാകും.

പ്രതിമാസം 5000 രൂപ ഇത്തരത്തിൽ ചെലവുണ്ട്. മുട്ടയില്ലാത്തതിനാൽ വൻ സാമ്പത്തിക ബാധ്യതയിലാണ് ഗുണഭോക്താക്കൾ. കോഴി മുഴുവനായി നഷ്ടപ്പെട്ടവർക്കിപ്പോൾ ബാങ്ക് വായ്പയും ബാധ്യതയായി.

എന്നാൽ, കോഴികൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നും പദ്ധതി നടപ്പാക്കി മൂന്ന് മാസത്തിനുള്ളിൽ ചത്ത കോഴികൾക്ക് പകരം കോഴി ലഭിക്കുമെന്നും കുടുംബശ്രീ അധികൃതർ പറഞ്ഞു. ഇതിനായി ഓഫിസുകൾ കയറിയിറങ്ങിയാൽ കൂടുതൽ നഷ്ടം സഹിക്കേണ്ടി വന്നേക്കുമെന്നാണ് ഗുണഭോക്താക്കളുടെ ആശങ്ക. കോഴിയും കൂടും വീടിന് പുറത്തുവെച്ചാൽ തെരുവുനായ്ക്കൾ കോഴികളെ കൂട് പൊളിച്ചു കൊണ്ടുപോകും. അതിനാൽ പലരും വീടിന് മുകളിലും അകത്തും ഒക്കെയാണ് സൂക്ഷിക്കുന്നത്.

Tags:    
News Summary - Kozhiyum Koodum scheme for womens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.