ആറ്റിങ്ങൽ: കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതിനെ തുടർന്ന് ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡ് ഇരുട്ടിലായി. നഗരസഭ അധ്യക്ഷയുടെ ദ്രുതഗതിയിലുള്ള ഇടപെടലിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. കുടിശ്ശിക കൊടുക്കുന്നതിൽ കാലതാമസം വന്നതിനാൽ കെ.എസ്.ഇ.ബി അധികൃതർ ഫ്യൂസ് ഊരുകകയായിരുന്നു.
വൈകുന്നേരം സ്റ്റാൻഡ് ഇരുട്ടിലായതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡ്. രാത്രി ഇരുട്ടിലായതോടെ സ്ത്രീകളും വിദ്യാർഥിനികളും പ്രായമേറിയ യാത്രക്കാരും ഉൾപ്പെടെ പ്രയാസപ്പെട്ടു. ബസുകളിൽ നിന്നും കപ്പലണ്ടി കച്ചവടക്കാരുടെ റാന്തൽ വെളിച്ചവും മാത്രമായിരുന്നു യാത്രക്കാർക്ക് ആശ്രയം. പരാതി ഉയർന്നതിനെ തുടർന്ന് നഗരസഭ അധ്യക്ഷ എസ്. കുമാരി സ്റ്റാൻഡിലെത്തി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വൈദ്യുത ബന്ധം പുനസ്ഥാപിച്ചു. വൈകീട്ട് ഏഴോടെ വീണ്ടും പ്രകാശമെത്തി.
വൈദ്യുതി നിരക്ക് കൊടുക്കുന്നതിൽ നഗരസഭ ചെക്ക് തയാറാക്കിയെന്നും കൈമാറുന്നതിലുണ്ടായ കാലതാമസമാണ് ഉണ്ടായതെന്നും അധ്യക്ഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.