യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് മടവൂരിൽ സ്വീകരണം ഏറ്റുവാങ്ങുന്നു
ആറ്റിങ്ങൽ: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി അടവുകൾ പലതും പയറ്റി തെരഞ്ഞെടുപ്പ് പ്രചാരണ രംഗം. രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഭരണം നേട്ടങ്ങളും കോട്ടങ്ങളും വിളിച്ചുപറഞ്ഞു ജനങ്ങൾക്ക് മുന്നിൽ പൊരുതുകയാണ്. ഇതേസമയം സ്ഥാനാർത്ഥികൾ വളരെ പക്വതയോട് കൂടി മാത്രം ജനങ്ങളോട് സംസാരിക്കുകയും ചെയ്യുന്നു.
വിവാദങ്ങൾ പറയാതെ തങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചുള്ള കാരണങ്ങൾ നിരത്തിയുമാണ് മൂന്നു മുന്നണികളുടെ സ്ഥാനാർഥികളുടെയും പര്യടനങ്ങളിലെ പ്രസംഗങ്ങൾ. ഇതേസമയം രാഷ്ട്രീയ പാർട്ടികളുടെ ദേശീയ നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾ വരെ അതി രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളാണ് പൊതുസമ്മേളനങ്ങളിലൂടെയും കുടുംബയോഗങ്ങളിലൂടെയും അയൽക്കൂട്ട യോഗങ്ങളിലൂടെയും ഉന്നയിക്കുന്നത്.
എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള പരിശ്രമമാണ് കൂടുതലായി നടത്തുന്നത്. ഇതേസമയം, ഇടത് വലത് മുന്നണികൾക്കെതിരെ ഒരേപോലെ വിമർശനമുന്നയിച്ച് എൻ.ഡി.എയും വോട്ട് തേടുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ പര്യടനവും മഹിളാമോർച്ച ദേശീയ പ്രസിഡൻറ് വാനതി ശ്രീനിവാസൻ നയിച്ച റോഡ് ഷോയും തിങ്കളാഴ്ച ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ നടന്നു.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് തിങ്കളാഴ്ച വർക്കല നിയോജകമണ്ഡലം കേന്ദ്രീകരിച്ച് വാഹന പര്യടനം നടത്തി. രാവിലെ 8.30ന് ഉന്നിൻമൂട് നിന്നുമാണ് പര്യടനം ആരംഭിച്ചത്. കരുനിലക്കോട്, ഇടവ, കാപ്പിൽ, മാന്തറ, വഴി ഓടയത്ത് സമാപിച്ചു. ഉച്ച വിശ്രമത്തിനുശേഷം ഫിഷർമെൻ കോളനിയിൽനിന്ന് പുനരാരംഭിച്ചു. വെട്ടൂർ, വിളഭാഗം, പുത്തൻചന്ത, പുന്നക്കുളം, ജനാർദ്ദനപുരം, കുരയ്ക്കണ്ണി വഴി നടയറ സമാപിച്ചു.
ഏഴുവർഷമായി ജോയി പ്രതിനിധീകരിക്കുന്ന നിയമസഭ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ നാട്ടുകാർ ആവേശപൂർവം പങ്കെടുത്തു. തീരദേശ മേഖലയിൽ ഓരോ സ്വീകരണ പോയിന്റിലും വലിയ ആൾക്കൂട്ടം പ്രകടമായിരുന്നു. പഴവർഗ്ഗങ്ങളും ഇളനീരും മധുരപലഹാരങ്ങളും നൽകിയാണ് സ്ഥാനാർഥിയെ വരവേറ്റത്. വിവിധ ട്രേഡ് യൂനിയനുകൾ സാംസ്കാരിക സംഘടനകൾ എന്നിവരും സ്ഥാനാർഥിക്ക് പ്രത്യേകം സ്വീകരണങ്ങൾ ഒരുക്കി. വി. മണിലാൽ, എസ്. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് തിങ്കളാഴ്ച വർക്കല നിയോജകമണ്ഡലത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ പര്യടനം നടത്തി. വർക്കല മണ്ഡലത്തിലെ ടൂറിസം ആരോഗ്യ രംഗത്ത് അടൂർ പ്രകാശ് നടത്തിയ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തായിരുന്നു പര്യടനം.
ആവേശോജ്വലമായ സ്വീകരണമാണ് നാവായിക്കുളത്തിന്റെ വിവിധ പഞ്ചായത്തുകളിൽ അടൂർ പ്രകാശിന് ലഭിച്ചത്. രാവിലെ ശ്രീശങ്കര നാരായണ സ്വാമി ക്ഷേത്ര സന്ദർശനത്തോട് കൂടിയാണ് പര്യടനം ആരംഭിച്ചത്. കാട്ടുപുതുശ്ശേരിയിൽ വർക്കല കഹാർ പര്യടന പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. ബി.ആർ.എം. ഷഫീർ, ധനപാലൻ, ഷിബു, ഷാലി, രെഹാസ് പി. വിജയൻ, ബ്ലോക്ക് പ്രസിഡന്റ് അനീഷ്, രവീന്ദ്രൻ ഉണ്ണിത്താൻ, എം.ആർ. ജയകൃഷ്ണൻ, എം.എം. താഹ, ജിഹാദ് കല്ലമ്പലം, അഫ്സൽ മടവൂർ എന്നിവർ സംസാരിച്ചു.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരന്റെ പര്യടനം തിങ്കളാഴ്ച കാട്ടാക്കട മണ്ഡലം കേന്ദ്രീകരിച്ച് നടന്നു. പ്ലാവൂർ ഏരിയയിലെ കൊറ്റംപള്ളിയിൽനിന്ന് ആരംഭിച്ച പര്യടനം ബി.ജെ.പി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡൻറ് തൂങ്ങാംപാറ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വിളപ്പിൽ പേയാട് മേഖലകളിലൂടെ ചപ്പാത്തിൽ സമാപിച്ചു. ഉച്ച വിശ്രമത്തിനുശേഷം നെടുമങ്ങാടുനിന്നും ആറ്റിങ്ങലിലേക്ക് റോഡ് ഷോ നടത്തി. മഹിള മോര്ച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസൻ നയിച്ച റോഡ് ഷോയിലാണ് സ്ഥാനാർഥിയും പങ്കാളിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.