ആറ്റിങ്ങൽ: വനിതകളെ വായ്പ കെണിയിലാക്കിയത് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത്. ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയുടെ മറവിൽ ഒരു വിഭാഗം തട്ടിപ്പിന് സ്ത്രീകളെ കെണിയിൽപെടുത്തിയത് നിരവധി വാഗ്ദാനങ്ങൾ നൽകി.
കുടുംബശ്രീക്ക് സമാന്തരം എന്ന പേരിൽ അക്ഷയശ്രീ യൂനിറ്റുകൾ രൂപവത്കരിച്ചു. ഇതിൽ ചേർന്നാൽ കേന്ദ്ര സർക്കാറിന്റെ വിവിധ ആനുകൂല്യങ്ങൾ നേടി നൽകാമെന്ന് ഇവർക്ക് വാഗ്ദാനം നൽകി. നിർധന തൊഴിലുറപ്പ് തൊഴിലാളികളും അർബുധ രോഗികളും ഉൾപ്പെടെയുള്ളവരാണ് ഈ വാക്കുകളിൽ വിശ്വസിച്ച് ഇവർക്കൊപ്പം ചേർന്നത്.
ശേഷം ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് ശിവശങ്കരകുറുപ്പ് അക്ഷയ ശ്രീ അംഗങ്ങൾക്ക് വരുമാനവും തൊഴിലും ലഭിക്കുന്നതിന് ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അതിനായി നിങ്ങളെല്ലാം അംഗങ്ങളായുള്ള ട്രെസ്റ്റ് രൂപവത്കരിക്കണമെന്നും ഇവരെ അറിയിച്ചു.
ഇതിനായി ബാങ്കിൽ വിളിച്ചുവരുത്തി നിരവധി രേഖകളിൽ ഒപ്പിട്ട് വാങ്ങി. വായ്പ അപേക്ഷയും പണം കൈപ്പറ്റിയ രസീതും ഉൾപ്പെടെയാണ് ഒപ്പിട്ട് വാങ്ങിയത്. ഒപ്പിട്ട് ഇവർ മടങ്ങിയപ്പോൾ ഗോകുലം ട്രെസ്റ്റിന്റെ പേരിൽ പ്രസിഡൻറ് അശോകൻ, സെക്രട്ടറി അപ്സര, ട്രഷറർ ബിജു എന്നിവരുടെ ഇതേ ബാങ്കിലുള്ള ജോയൻറ് അക്കൗണ്ടിലേക്ക് തുക മാറ്റി.
ഇതുപയോഗിച്ച് ആദ്യം പേരിനു ഫാം തുടങ്ങുകയായിരുന്നു. ഫാമിൽ ആദ്യഘട്ടത്തിൽ അംഗങ്ങളായ ചില സ്ത്രീകൾക്ക് ജോലി നൽകി. രണ്ടുമാസത്തിനുള്ളിൽ ഇവരെ മാറ്റി. പുലർച്ചെ ജോലിക്ക് വരുന്നതിന് പുരുഷ ജോലിക്കാർ തന്നെ വേണം എന്നറിയിച്ചാണ് ഇവരെ മാറ്റിയത്. പിന്നീട് ഫാം പൂട്ടുകയും ചെയ്തു.
500 രൂപ പ്രതിദിനം ഓരോരുത്തർക്കും വരുമാനം ഉറപ്പുവരുത്തും എന്നാണ് ട്രെസ്റ്റ് രൂപവത്കരിക്കുമ്പോൾ ഇവരെ അറിയിച്ചിരുന്നത്. കേന്ദ്ര സബ്സിഡി ഉൾപ്പെടെ ആനുകൂല്യങ്ങൾ ഇതിന് ലഭിക്കുമെന്നും അറിയിച്ചിരുന്നു. ട്രസ്റ്റ് സെക്രട്ടറി അപ്സരയും തട്ടിപ്പിനിരയാണ്. ഫാമിന്റെ പേരിൽ ഇതേ സ്ത്രീകളെ ഉപയോഗിച്ച് വീണ്ടും തൊഴിൽ സംരംഭ പദ്ധതികൾവെച്ച് വായ്പ തരപ്പെടുത്താൻ ശ്രമിച്ചിരുന്നു. പുല്ല് വളർത്തൽ, കാലിത്തീറ്റ നിർമാണം തുടങ്ങിയ പദ്ധതികളാണ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.