ആറ്റിങ്ങൽ: മുന്നണിയും പാർട്ടിയും രാഷ്ട്രീയ നിലപാടും വ്യത്യസ്തമാകാം. എന്നാൽ, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എല്ലാവരുടെയും സ്വീകരണ കേന്ദ്രങ്ങളിൽ ഒരു സാമ്യമുണ്ട്, അത് സ്വീകരിക്കാനെത്തുന്നവരുടെ കൈകളിലെ കണിക്കൊന്നയാണ്. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ സ്ഥാനാർഥികൾ പര്യടനം ആരംഭിച്ചത് മുതൽ കണിക്കൊന്നകൾ കൊണ്ടുള്ള വരവേൽക്കൽ പതിവാണ്. കണിക്കൊന്ന പൂക്കൾ നേരിട്ട് നൽകിയും കണിക്കൊന്ന പൂക്കൾ കൊണ്ടുള്ള ഹാരം നിർമിച്ചും കൊന്നപ്പൂ കൊണ്ടുള്ള പൂച്ചെണ്ടും കിരീടവും നിർമിച്ചും സ്ഥാനാർഥികൾക്ക് കൈമാറുന്നുണ്ട്.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് വാമനപുരം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. പ്രവർത്തകരുടെ ആവേശം നിറഞ്ഞ അഭിവാദ്യങ്ങൾ. വഴിയരികിൽ കൊന്നപ്പൂക്കളും, തലപ്പാവുമൊക്കെയായി ജനങ്ങളുടെ സ്നേഹ സ്വീകരണം.
മികച്ച വരവേൽപാണ് വാമനപുരത്ത് യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. രാവിലെ നെല്ലനാട്ടിൽ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷെഫീറാണ് വാമനപുരം നിയോജക മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം ഉദ്ഘാടനം ചെയ്തത്. വാമനപുരം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആനക്കുഴി ഷാനവാസ് അധ്യക്ഷത വഹിച്ചു.
നെല്ലനാടിൽ നിന്ന് ആരംഭിച്ച പര്യടനം കളമച്ചൽ, കുറ്റിമൂട് വഴി പേരുമലയിലെത്തി. ഉച്ച വിശ്രമത്തിനുശേഷം കലുങ്കിൻ മുഖത്തുനിന്ന് പുനരാരംഭിച്ചു. ചുള്ളാളം, പേരയം, കാരിക്കുഴി, പനവൂർ, വെള്ളാഞ്ചിറ, മണ്ണയം, താന്നിമൂട്, വേങ്കവിള, ആനാട്, ചുള്ളിമാനൂർ, വഴി വഞ്ചുവത്ത് സമാപിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് തിങ്കളാഴ്ച കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാട്ടാക്കട, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ പര്യടനം നടത്തി. രാവിലെ എട്ടിന് പള്ളിമുക്കിൽ നിന്ന് പര്യടനം ആരംഭിച്ചു.
പേയാട് തോട്ടുമുക്ക് ചപ്പാത്ത് വിളപ്പിൽശാല നിലമേൽ ചെറുകോട് എത്തി സമാപിച്ചു. ഉച്ച വിശ്രമത്തിനുശേഷം പര്യടനം പുനരാരംഭിച്ചു. കാട്ടാക്കട കിള്ളി കൂന്താണി, നന്നാവണം, പ്ലാവൂർ, ആമച്ചൽ, കാഞ്ഞിരംവിള, അമ്പലത്തിൻകാല വഴി പാപ്പനത്ത് സമാപിച്ചു. മുൻകൂട്ടി തീരുമാനിച്ചിരുന്ന 60 ഓളം സ്വീകരണ കേന്ദ്രങ്ങളിലും പുറമെ, അമ്പതോളം സ്ഥലങ്ങളിൽ ജനങ്ങൾ കൂടിനിന്ന് സ്ഥാനാർഥിയെ വഴിയിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിരുന്നു. തൊഴിലാളികളും സ്ത്രീകളുമുൾപ്പെടെ വലിയ ജനക്കൂട്ടം സ്വീകരണ കേന്ദ്രങ്ങളിലുണ്ടായിരുന്നു. ചൊവ്വാഴ്ച വാമനപുരം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ തിങ്കളാഴ്ച വാമനപുരം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. അറുപതോളം കേന്ദ്രങ്ങളില്‍ നാട്ടുകാർ സ്വീകരണം നല്കി. കുട്ടികളും പ്രായമായവരുമുള്‍പ്പെടെ നിരവധിപേർ പങ്കെടുത്തു.
വാമനപുരം മണ്ഡലത്തിലെ പര്യടനം കല്ലറ വെള്ളംകുടിയിലാണ് തുടങ്ങിയത്. കല്ലറ, പുല്ലമ്പാറ, പനവൂർ ഗ്രാമപഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് മൂന്നാംകുഴിയില്‍ അവസാനിച്ചു. കാക്കക്കുന്ന്, മുതുവിള, കൂനൻവേങ്ങ, മുത്തിപ്പാറ, ചുള്ളാളം, പനവൂർ, ആട്ടുകാൽ, കാരിക്കുഴി, ചുമട് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. പോത്തൻകോട് മണ്ഡലത്തിലെ പര്യടനം പതിനാറാംകല്ലിൽ നിന്ന് തുടങ്ങി വെമ്പായം, മാണിക്കൽ, പോത്തൻകോട് പഞ്ചായത്തുകള്‍ പിന്നിട്ട് പാലോട്ട്കോണം കോളനിയില്‍ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.