ആറ്റിങ്ങൽ: വാഹനപര്യടനത്തിന് തുടക്കമായതോടെ ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം അതിന്റെ ഏറ്റവും ആവേശകരമായ അവസ്ഥയിലേക്ക് മാറി.
എൽ.ഡി.എഫാണ് വാഹനപര്യടനത്തിന് ബുധനാഴ്ച തുടക്കം കുറിച്ചത്. യു.ഡി.എഫ്, എൻ.ഡി.എ കക്ഷികൾ അടുത്തയാഴ്ച വാഹനപര്യടനം ആരംഭിക്കും. നിലവിൽ യു.ഡി.എഫ് പഞ്ചായത്തുതല കൺവെൻഷനുകൾ തുടരുകയാണ്. എൻ.ഡി.എ നിലവിൽ തുടരുന്ന പ്രചാരണരീതി വ്യാഴാഴ്ചയോടെ സമാപിച്ച് അടുത്തഘട്ടത്തിലേക്ക് കടക്കും.
ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയുടെ സ്ഥാനാർഥിപര്യടനത്തിന് ആവേശോജ്ജ്വല തുടക്കം. കിളിമാനൂർ കുന്നുമ്മേൽ ജങ്ഷനിൽ രാവിലെ എട്ടിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലായിരുന്നു ആദ്യദിവസത്തെ സ്ഥാനാർഥി പര്യടനം. അടയമൺ, തൊളിക്കുഴി, വണ്ടന്നൂർ, ചെമ്പകശ്ശേരി, പാപ്പാല, വയ്യാറ്റിൻകര, വട്ടപ്പച്ച എന്നിവിടങ്ങളിലെല്ലാം വലിയ ജനക്കൂട്ടം സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്തുനിന്നു. രാവിലെ എട്ടിന് ആരംഭിച്ച പര്യടനം രാത്രി പത്തോടെയാണ് സമാപിച്ചത്.
വ്യാഴാഴ്ച ജോയി ടൈം എന്ന പേരിൽ പുതിയൊരു കാമ്പയിന് കൂടി എൽ.ഡി.എഫ് തുടക്കമിടും. പെരുങ്ങുഴി ജങ്ഷനിലാണ് പ്രചാരണ പരിപാടി ഒരുക്കിയിരിക്കുന്നത്. സ്ഥാനാർഥിയുടെ വീടിനടുത്തുള്ളവരുമായി തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുെവക്കുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. തുടർന്ന് സ്വകാര്യ സന്ദർശനങ്ങൾക്ക് സമയം െചലവഴിക്കും.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ബുധനാഴ്ച മണ്ഡലത്തിലെ തെരുവുകളിലും ചന്തകളിലും ജങ്ഷനുകളിലും എത്തി വോട്ട് അഭ്യർഥിച്ചു. നെടുമങ്ങാട് യൂത്ത് കോൺക്ലേവിൽ പങ്കെടുത്താണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് ആറ്റിങ്ങൽ പാർലമെന്റ് യൂത്ത് കോൺക്ലേവ് സംഘടിപ്പിച്ചത്. കോൺഗ്രസിനകത്തും പുറത്തും നിന്നുള്ള നിരവധി യുവാക്കൾ പങ്കെടുത്തു. രാജ്യത്തെ തൊഴിലില്ലായ്മയും പല മേഖലകളിലെ യുവജനപങ്കാളിത്തവും കേരളത്തിലെ യുവാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങളും കോൺക്ലേവിൽ ചർച്ചാവിഷയമായി. തുടർന്ന് വട്ടപ്പാറയിൽ എത്തി വോട്ട് അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലും പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ എട്ടിന് പേയാട് ജങ്ഷനിൽനിന്ന് പര്യടനം ആരംഭിക്കും. 9.30ന് വിളപ്പിൽശാല, 10.30ന് ആമച്ചൽ, 11.30ന് തൂങ്ങാംപാറ, 12ന് മാറനല്ലൂർ എന്നിവിടങ്ങളിലും ഉച്ചക്കുശേഷം മൂന്നിന് പ്രാവച്ചമ്പലം, നാലിന് കൊടിനട, അഞ്ചിന് മലയിൻകീഴ് എന്നിവിടങ്ങളിലും പര്യടനം നടത്തും.
തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരകം സന്ദർശിച്ചായിരുന്നു എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ പ്രചാരണം ആരംഭിച്ചത്. മഹാകവിയുടെ പ്രതിമയിൽ സ്ഥാനാര്‍ഥി പുഷ്പഹാരം ചാര്‍ത്തി.
തോന്നയ്ക്കൽ എ.ജെ കോളജിൽ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, വിദ്യാർഥികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തോന്നയ്ക്കൽ ഇ.ഐ.സി.എല്ലിൽ തൊഴിലാളികളെ സന്ദർശിച്ച് വോട്ട് തേടി. തിരുവനന്തപുരം ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ പാലോട് സംഘടിപ്പിച്ച വികസനചർച്ചയിലും വി. മുരളീധരൻ പങ്കെടുത്തു. വികസനനിർദേശങ്ങൾ തേടുകയും തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തു. കണിയാപുരം, വട്ടപ്പാറ, അരുവിക്കര എന്നിവിടങ്ങളിൽ പദയാത്രകൾക്കും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.