ആറ്റിങ്ങൽ: മുന്നണി സ്ഥാനാർഥികൾ മണ്ഡലം കേന്ദ്രീകരിച്ചുള്ള വാഹനപര്യടനത്തിന് ആരംഭം കുറിച്ചതോടെ പ്രചാരണത്തിന്റെ അവസാന ഘട്ടം സജീവമായി. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് വാഹന പര്യടനം കഴിഞ്ഞയാഴ്ച തന്നെ ആരംഭിച്ചിരുന്നു. എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരന്റെ വാഹനപര്യടനം വെള്ളിയാഴ്ച കേന്ദ്രമന്ത്രി എസ്. രവിശങ്കർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ വാഹന പര്യടനം ശനിയാഴ്ച കാട്ടാക്കട പുളിയറക്കോണത്തുനിന്ന് ആരംഭിക്കും. പാർലമെൻറ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി വോട്ടഭ്യർഥിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് വാഹന പര്യടനത്തിലൂടെ ചെയ്യുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് വെള്ളിയാഴ്ച അരുവിക്കര നിയോജകമണ്ഡലം കേന്ദ്രീകരിച്ച് പര്യടനം നടത്തി. രാവിലെ എട്ടിന് കുന്താണിയിൽ നിന്ന് വാഹന പര്യടനം ആരംഭിച്ചു.
പുളിമൂട്, മുന്നാല, പോങ്ങോട്, കുര്യാത്തി, കുളപ്പട, ചക്രവാണിപുരം, പാറയ്ക്കാറ, കന്യാപാറ, പുതുക്കുളങ്ങര, ചാരുംമൂട്, നെല്ലിക്കുഴി, പരുത്തിക്കുഴി, പനയ്ക്കോട്, തച്ചങ്കോട് വഴി മലയടിയിൽ സമാപിച്ചു. ഉച്ചഭക്ഷണത്തിനുശേഷം തൊളിക്കോട്ടുനിന്ന് പര്യടനം പുനരാരംഭിച്ചു. തേവൻപാറ, ആനപ്പെട്ടി, ചെറ്റച്ചൽ, മരുതുംമൂട്, ചായം, ചേന്നമ്പാറ, മാങ്കാല, മലയിക്കൽ, വിതുര, കൊപ്പം, പൊന്നാംചുണ്ട്, ആനപ്പാറ, ചിറ്റാർ, പേരയം വഴി മരുതാമല സമാപിച്ചു. പച്ചക്കറിയും പഴ വർഗങ്ങളും ഷാളും ചുവന്ന റിബണും ഉപയോഗിച്ച് പ്രവർത്തകർ സ്വീകരിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് വെള്ളിയാഴ്ച മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനും മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നതിനും സമയം കണ്ടെത്തി. രാവിലെ ചാത്തൻപാറ കെ.ടി.സി.ടി ഹോസ്പിറ്റൽ സന്ദർശിച്ചാണ് പര്യടനം ആരംഭിച്ചത്. ആശുപത്രി ജീവനക്കാരെയും നഴ്സിങ് വിദ്യാർഥികളെയും കണ്ട് വോട്ടഭ്യർഥിച്ചു.
10.30ന് ആറ്റിങ്ങൽ ബാർ അസോസിയേഷനിലെത്തി അഭിഭാഷകരെയും ഗുമസ്ഥന്മാരെയും കണ്ട് വോട്ട് തേടി. ലത്തീൻ അതിരൂപതയുടെ രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച സ്ഥാനാർഥികളുമായുള്ള മുഖാമുഖം പരിപാടിയിലും പങ്കെടുത്തു. വൈകീട്ട് ആറ്റിങ്ങൽ ടൗൺ, മാമം, അവനവഞ്ചേരി, ഗ്രാമം, നാലുമുക്ക് എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന വാഹന പര്യടനത്തിന്റെ ഒരുക്കങ്ങളും വിലയിരുത്തി.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ മണ്ഡലത്തിലെ വാഹനപര്യടനത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ നിർവഹിച്ചു. പര്യടന പതാക അദ്ദേഹം വി. മുരളീധരന് കൈമാറി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. പോത്തൻകോട് കാഞ്ഞാംപാറ ചിന്താലയ ആശ്രമത്തില്‍ പ്രാർഥനയോടെയാണ് വി. മുരളീധരൻ വെള്ളിയാഴ്ച പ്രചാരണം ആരംഭിച്ചത്.
സാഹിത്യകാരൻ പ്രഫ. ഗോപിനാഥ പിള്ളയെ വീട്ടിലെത്തിക്കണ്ട് അനുഗ്രഹം വാങ്ങി. പൂവച്ചൽ പങ്കജകസ്തൂരി യൂനിറ്റിലും വി. മുരളീധരൻ സന്ദർശനം നടത്തി. പദയാത്രകൾ, കൺവെൻഷനുകൾ, കൂടിക്കാഴ്ചകൾ, വികസന ചർച്ചകൾ എന്നിങ്ങനെ നാലുഘട്ടം പ്രചാരണം സ്ഥാനാര്‍ഥി പൂര്‍ത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.