ആറ്റിങ്ങൽ: വേനൽ ചൂടിന്റെ കാഠിന്യം അവഗണിച്ച് സ്ഥാനാർഥികൾ പ്രചാരണരംഗത്ത് സജീവം. പൊതുപരിപാടികൾ, വികസന പദ്ധതി ഉദ്ഘാടനങ്ങൾ, വോട്ടർമാരെ നേരിൽ കണ്ടുള്ള വോട്ട് തേടൽ എന്നിവയിലൂടെ ബുധനാഴ്ച സ്ഥാനാർഥികൾ ആറ്റിങ്ങൽ മണ്ഡലത്തിൽ നിറഞ്ഞുനിന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ബുധനാഴ്ച രാവിലെ നെടുമങ്ങാട്, കരകുളം മേഖലകളിൽ വോട്ടർമാരെ കണ്ടു. കരകുളം പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. റോഡുകളുടെയും എം.പി ഫണ്ടിൽനിന്ന് തുക വിനിയോഗിച്ച സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെയും ഉദ്ഘാടനമാണ് നിർവഹിച്ചത്. ഉച്ചയോടെ രാജ്ഭവനിൽ മുന്നിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച കാമ്പയിനിൽ പങ്കെടുത്തു.
ഉച്ചക്കുശേഷം കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ ചേർത്തലയിലേക്ക് പോയി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ജോയ് ബുധനാഴ്ച പ്രധാന കോളജുകളിൽ എത്തി വിദ്യാർഥികളെ കണ്ടു. വർക്കല എസ്.എൻ കോളജ്, ആറ്റിങ്ങൽ ഗവ. കോളജ് എന്നിവിടങ്ങളിലായിരുന്നു സന്ദർശനം.
വിദ്യാർഥികളുമായി സംവദിക്കുകയും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ വർക്കല നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തശേഷം നെടുമങ്ങാട്ടും വൈകീട്ട് വർക്കലയിലും കൺവെൻഷനുകളിൽ പങ്കെടുക്കും.
എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരൻ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനത്തിലും കൊല്ലം പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിയിലും പങ്കെടുത്ത ശേഷം ഉച്ചക്കുശേഷമാണ് മണ്ഡലത്തിൽ സജീവമായത്.
ആറ്റിങ്ങൽ കച്ചേരി നടയിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി വോട്ടർമാരെ കണ്ട് വോട്ട് തേടി. ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഭക്തരെ കണ്ട് വോട്ട് അഭ്യർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.