ആറ്റിങ്ങൽ: ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ പ്രചാരണത്തിന് ആവേശം പകർന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും ബുധനാഴ്ച മണ്ഡലത്തിൽ പര്യടനം നടത്തും. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രേവന്ത് റെഡ്ഡി എത്തുന്നത്.
വ്യാഴാഴ്ച രാവിലെ 9.30 ന് തുമ്പയിൽനിന്ന് ആരംഭിക്കുന്ന പര്യടനം 11.30 ന് മാമ്പള്ളിയിൽ സമാപിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് കല്ലറയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും രേവന്ത് റെഡ്ഡി പ്രസംഗിക്കും. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ വ്യാഴാഴ്ച വൈകീട്ട് പുളിമൂട് ഇമാമി ദർബാൾ ഹാൽ ഗ്രൗണ്ടിൽ സംസാരിക്കും. സുഭാഷിണി അലി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളുടെ പര്യടനം വരും ദിവസങ്ങളിൽ നടക്കും.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി ബുധനാഴ്ച അരുവിക്കര നിയോജകമണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം നടത്തി. രാവിലെ എട്ടിന് തേവൻകോട് ജങ്ഷനിൽനിന്നാണ് പര്യടനം ആരംഭിച്ചത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
എം.എസ്. റഷീദ്, എൻ. ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു. തേമ്പാംമൂട്, പേഴുംമൂട്, തച്ചങ്കോട്, എരുമക്കുഴി, കോട്ടൂർ, വാഴപ്പള്ളി, കുറ്റിച്ചൽ, കാഞ്ഞിരം മൂട്, പൊട്ടൻചിറ, ഐത്തി വഴി മീനാങ്കലിൽ സമാപിച്ചു. ഉച്ചവിശ്രമത്തിനുശേഷം കീഴ്പേരൂരിൽ നിന്ന് പുനരാരംഭിച്ചു. മരുതുംമൂട്, താന്നിമൂട്, ആര്യനാട്, വെളിയന്നൂർ, മിത്രനികേതൻ, ചാങ്ങ, കണ്ണമ്പള്ളി, കുളക്കോട് വഴി വെള്ളനാട് സമാപിച്ചു. പുസ്തകങ്ങളും വാഴക്കുലകളും കരിക്കും മധുര പാനീയങ്ങളും ഉൾപ്പെടെ നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ബുധനാഴ്ച അരുവിക്കര നിയോജകമണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം. സ്ഥാനാർഥി പര്യടനത്തിനപ്പുറം ഒരുജനത സ്നേഹം പങ്കിടുന്ന കാഴ്ചയായിരുന്നു സ്വീകരണ സ്ഥലങ്ങളിലും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള പര്യടനം ഉദ്ഘാടനം ചെയ്തു. അഴീക്കൽനിന്ന് ആരംഭിച്ച് അരുവിക്കര, വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ എന്നീ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തി. രാത്രി ഒമ്പതോടെ കോട്ടൂർ മേലേ മുക്കിൽ സമാപിച്ചു.
വിതുര ശശി, ഇറവൂർ പ്രസന്നകുമാർ, കെ.എസ്. ശബരീനാഥൻ, ജലീൽ, മുഹമ്മദ്, വി.ആർ. പ്രതാപൻ, ജയമോഹനൻ, എ.എ. അസീസ്, ഉദയകുമാർ, ജ്യോതിഷ് കുമാർ, ഉവൈസ് ഖാൻ, ശശിധരൻ നായർ, മുണ്ടേല പ്രവീൺ, തോപ്പിൽ ശശിധരൻ, അയൂബ് ഖാൻ, ഷാജഹാൻ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ ബുധനാഴ്ച മലയിൻകീഴ്, ആര്യനാട് മേഖലകളിൽ പര്യടനം നടത്തി. രാവിലെ 7.30ന് മലയിൻകീഴ് കുണ്ടമൺകടവിൽ നിന്ന് പര്യടനം ആരംഭിച്ചു. വിഴവൂർ, മണലുവിള, വിളവൂർക്കൽ, മേപ്പൂക്കട, മങ്ങോട്, കരിപ്പൂര് വഴി മലയിൻകീഴ് സമാപിച്ചു. ഉച്ചവിശ്രമത്തിനുശേഷം ഇറവൂര് നിന്നു പര്യടനം പുനരാരംഭിച്ചു.
മരങ്ങാട്, കുളപ്പട, കുര്യാത്തി പുതുക്കുളങ്ങര, നെല്ലിക്കുഴി, പനക്കോട്, മീനാങ്കൽ, ചെറുമഞ്ചൽ, കാഞ്ഞിരംമൂട് വഴി ആര്യനാട് സമാപിച്ചു. ആരതി ഉഴിഞ്ഞും ഷാൾ അണിയിച്ചും താമരപ്പൂക്കൾ നൽകിയും പ്രവർത്തകർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.