ആറ്റിങ്ങൽ: കായലോര വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളുള്ള പ്രദേശമാണ് മണനാക്ക്. പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കിയാൽ പ്രകൃതി കനിഞ്ഞുനൽകിയ ദൃശ്യഭംഗി സഞ്ചാരികൾക്കുള്ള ഇടമായും തദ്ദേശവാസികൾക്ക് തൊഴിലവസരവുമായി മാറും. കായൽ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. ഇത് വക്കം, കടയ്ക്കാവൂർ പഞ്ചായത്ത് നിവാസികൾക്ക് ഗുണം ചെയ്യും.
അകത്ത്മുറി കായലും കുളമുട്ടം കായലും ഒത്തുചേരുന്ന പ്രദേശത്ത് ഏറെ പുറംകായൽ ദൃശ്യങ്ങളുമുണ്ട്. ഒരുകാലത്ത് കയറിന്റെയും തൊണ്ട് തല്ലലിന്റെയും പ്രധാന കേന്ദ്രമായിരുന്നു. നിരവധി ലോറികളിൽ എത്തിച്ചിരുന്ന പച്ചത്തൊണ്ടുകൾ ഇവിടെ നിന്ന് വള്ളങ്ങളിൽ കയറ്റിക്കൊണ്ടുപോയ ചിത്രങ്ങൾ ഇന്ന് ഓർമയിൽ മാത്രം.
കായൽ തീരങ്ങളിൽ തൊണ്ട് തല്ലുന്നതിന്റെയും റാട്ടിൽ കയർ പിരിക്കുന്നതിന്റെയും ശബ്ദം ഇന്ന് കേൾക്കാനില്ല. കയർമേഖലയിൽ 500 ലധികം കുടുംബങ്ങൾ പണിയെടുത്തിരുന്ന പ്രദേശമാണിത്. പുറംകായലുകളിൽ താമരയിലകൾ പോലുള്ള വട്ടങ്ങളും മാലുകളുമില്ല.
ദേശീയപാതയിൽ ആലംകോട്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് കിലോമീറ്ററാണ് അകലം. മണനാക്ക് കടവ് വരെ വാഹനസൗകര്യം നിലവിലുണ്ട്. ഇനി വേണ്ടത് ജലയാത്ര നടത്തുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കുമുള്ള ബോട്ട് ജട്ടികളാണ്. പിന്നെ കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്. ജലയാത്ര ആരംഭിച്ചാൽ ചരിത്രം ഉറങ്ങുന്ന പൊന്നിൻതുരുത്തെന്ന മനോഹര ദീപിലേക്കും ഇവിടെനിന്ന് പോയി വരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.