ആറ്റിങ്ങൽ: കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ദുരിതം തീർത്ത് നിലയ്ക്കാമുക്ക് ചന്ത. മലിനജലവും മഴ ആരംഭിച്ചതോടെ ചളിക്കെട്ടുമായി ചന്ത മാറി. ഖര മാലിന്യ സംസ്കരണ പ്ലാൻറ് ഉണ്ടെങ്കിലും പ്രവർത്തിക്കില്ല. പുതിയ ശൗചാലയം നിർമിച്ചിട്ടുണ്ടെങ്കിലും പൂട്ടിയിട്ടിരിക്കുകയാണ്. മലിനജലം ഒഴുക്കി വിടാൻ ഓടയോ ഇതരസംവിധാനമോ ഇല്ലാത്തതിനാൽ ദുർഗന്ധം രൂക്ഷമാണ്.
മണനാക്കിനും കടയ്ക്കാവൂരിനുമിടയിൽ നിലയ്ക്കാമുക്ക് ജങ്ഷനിലാണ് ചന്ത പ്രവർത്തിക്കുന്നത്. രാവിലെ ഒമ്പതു മുതൽ ഉച്ച വരെയാണ് കച്ചവട സമയം. മീൻ, പച്ചക്കറികൾ, മൺപാത്രങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പരമ്പരാഗത ഉൽപന്നങ്ങൾ, അലങ്കാര വസ്തുക്കൾ ഉൾപ്പെടെയുള്ളവ ഇവിടെ കച്ചവടത്തിന് കൊണ്ടുവരുന്നുണ്ട്. കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ്, മണനാക്ക് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരവധി പേരാണ് ചന്തയിൽ സാധനങ്ങൾ വാങ്ങാനും കച്ചവടത്തിനും എത്തിയിരുന്നത്. എന്നാൽ, മലിനജലം കെട്ടിക്കിടന്നുള്ള ദുർഗന്ധവും അടിസ്ഥാന സൗകര്യമില്ലായ്മയും കാരണം ആളുകൾ ഈ ചന്ത ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതായി കച്ചവടക്കാർ പറയുന്നു.
കച്ചവടക്കാർക്ക് ഒരു സുരക്ഷയോ സൗകര്യങ്ങളോ ഈ ചന്തയിലില്ല. കച്ചവടം നടത്തുന്നതിനുവേണ്ടി ഒരു ഷെഡ് പോലും ഇല്ല. വെയിലും മഴയും ഏറ്റു കച്ചവടം നടത്തണം. അല്ലാത്തവർ സ്വന്തം നിലയിൽ ടാർപോളിൻ കെട്ടണം.
വക്കം പഞ്ചായത്തിന്റെ വരുമാന മാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് നിലയ്ക്കാമുക്ക് ചന്ത. ഏഴ് ലക്ഷം രൂപയ്ക്ക് പുറത്താണ് മുൻവർഷങ്ങളിൽ ചന്ത ലേലം നടന്നിരുന്നത്. എന്നാൽ, അടിസ്ഥാന സൗകര്യം ഇല്ലായ്മയും ചന്തയുടെ ശോച്യാവസ്ഥയും കാരണം ഈ വർഷം ഇത്രയും വലിയ തുകക്ക് ലേലത്തിൽ എടുക്കാൻ ആരും വന്നില്ല. ചന്തയിൽ തറവാടക ഇനത്തിൽ ഓരോ കച്ചവടക്കാരിൽനിന്നും 30 രൂപയാണ് പഞ്ചായത്ത് ഈടാക്കിക്കൊണ്ടിരുന്നത്. ഇത് ഒരു അറിയിപ്പും ഇല്ലാതെ 50 രൂപയാക്കി വർധിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ കച്ചവടക്കാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഇത് കച്ചവടക്കാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മഴക്കാലം കൂടി ആരംഭിച്ചതോടെ ചന്തക്കുള്ളിൽ എങ്ങനെ കച്ചവടം നടത്തും എന്ന ആശങ്കയിലാണ് കച്ചവടക്കാർ. ഉപഭോക്താക്കളും മാർക്കറ്റിൽ കയറാൻ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.