ആറ്റിങ്ങൽ: എൽ.ഡി.എഫ് വിട്ടെന്ന് സി.പി.ഐ പ്രഖ്യാപിച്ചതോടെ മുദാക്കൽ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്. മുന്നണി വിട്ടകാര്യം സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഡി.അനിൽ കുമാർ പത്ര കുറിപ്പിലാണ് അറിയിച്ചത്.
മുൻധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് പദവി ആദ്യ രണ്ടരവർഷം സി.പി.എമ്മിനും, തുടർന്ന് സി.പി.ഐക്കും വീതംവെക്കാൻ തീരുമാനിച്ചിരുന്നു. അത് സി.പി.എം ലംഘിച്ചതാണ് പ്രകോപനത്തിന് കാരണം.
കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത്തല ഇടതുമുന്നണി യോഗത്തിൽനിന്ന് സി.പി.ഐ ഇറങ്ങിപ്പോയിരുന്നു. പ്രസിഡന്റ് സ്ഥാനത്തെപ്പറ്റി സംസാരിച്ചപ്പോൾ സി.പി.എം ഏരിയ സെക്രട്ടറി സഭ്യേതരമായി പ്രതികരിച്ചതായി സി.പി.ഐ നേതാക്കൾ വെളിപ്പെടുത്തി.
തുടർന്ന്, ലോക്കൽ കമ്മിറ്റി യോഗം ചേർന്നാണ് മുന്നണി വിടാൻ തീരുമാനിച്ചത്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനവും സി.പി.ഐ രാജിവെക്കും.
മുന്നണി തീരുമാനം നടപ്പാക്കിയില്ലെങ്കിൽ നവകേരള സദസ്സ് കഴിഞ്ഞ ശേഷം രാജി വെക്കുമെന്ന് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പള്ളിയറ ശശി പറഞ്ഞു.
നവ കേരളസദസ്സുമായി ബന്ധപ്പെട്ട പ്രചാരണപ്രവർത്തനങ്ങൾ സി.പി.ഐ ഒറ്റക്ക് നടത്തും. പഞ്ചായത്ത് ഭരണസമിതിയിൽ ബി.ജെ.പി ഏഴ്, കോൺഗ്രസ് അഞ്ച്, സി.പി.എം നാല്, സി.പി.ഐ രണ്ട്, സ്വതന്ത്രൻ രണ്ട് എന്നതാണ് കക്ഷി നില.
ഇതിൽ സ്വതന്ത്രരുടെ പിന്തുണയിലാണ് എൽ.ഡി.എഫ് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.