ആറ്റിങ്ങൽ: മുതലപ്പൊഴിയിൽ നിർമാണം ആരംഭിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം കാടുകയറി നശിക്കുന്നു. ഉന്നത നിലവാരമുള്ള പൊതു ശുചിമുറി സമുച്ചയങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്ന എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം നിർമാണം ആരംഭിച്ച മുതലപ്പൊഴിയിലെ ശൗചാലയ കെട്ടിടമാണ് വർഷങ്ങൾ കഴിയുമ്പോഴും പ്രവൃത്തികൾ പൂർണമാകാത്ത അവസ്ഥയിൽ കാടുകയറി നശിക്കുന്നത്.
കെട്ടിടത്തിന്റെ ഉദ്ഘാടനം സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടത്താനായിരുന്നു പദ്ധതി. അതിനുശേഷം പലതവണ നൂറുദിന പദ്ധതികൾ വന്നെങ്കിലും മുതലപ്പൊഴിയിലെ ടേക്ക് എ ബ്രേക്ക് മാത്രം അനിശ്ചിതത്വത്തിലായി.
കരാറുകാർക്ക് കൃത്യമായ ഇടവേളകളിൽ ഫണ്ട് അനുവദിക്കാൻ കഴിയാതെപോയതോടെയാണ് ആദ്യം നിശ്ചയിക്കപ്പെട്ട എസ്റ്റിമേറ്റ് തുകയിൽ പദ്ധതി പൂർത്തീകരിക്കാനാവാതെപോയത്. ഇനി അവശേഷിക്കുന്നത് കെട്ടിടത്തിനുള്ളിലെ ഏതാനും ചില ഫിനിഷിങ് ജോലികളും ചുറ്റുമതിൽ നിർമാണവുമാണ്.
ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോടെയും ഉപയോഗിക്കാവുന്ന ശുചിമുറികളാണ് മുതലപ്പൊഴിയിൽ എത്തുന്ന സഞ്ചാരികൾക്കായ് ഒരുക്കാൻ പദ്ധതിയിട്ടിരുന്നത്.
നിലവിൽ മുതലപ്പൊഴിയിലെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നൂറുകണക്കിന് സഞ്ചാരികൾ ഇവിടെ ശൗചാലയമില്ലാത്തതിനെ തുടർന്ന് വളരെയേറെ ദുരിതത്തിലാണ്. എത്രയും വേഗം കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.