representation image

മുതലപ്പൊഴി ബോട്ടപകടം; ഒരാളെ ഇനിയും കണ്ടെത്താനായില്ല

ആറ്റിങ്ങൽ: തീരദേശത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ബോട്ടപകടത്തിൽ ഒരാളെക്കുറിച്ച് ഇനിയും വിവരമില്ല. അബ്‌ദുൽ സമദിനെയാണ് (45) ഇനി കണ്ടെത്താനുള്ളത്.

ഈ മാസം അഞ്ചിനാണ് വർക്കലയിലെ 23 മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളം അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് മറിഞ്ഞ് അപകടമുണ്ടായത്. അതിൽ 18 പേർ രക്ഷപ്പെടുകയും നാലുപേർ മരിക്കുകയും ചെയ്തു.

അപകടം സംഭവിച്ച് 12 ദിവസം പിന്നിടുമ്പോഴും ശേഷിക്കുന്ന ഒരാൾക്കുവേണ്ടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ അഞ്ചിനാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെ കാറ്റിൽപെട്ട് ഇവരുടെ ബോട്ട് നിയന്ത്രണം നഷ്ടപ്പെടുകയും മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്‍റെ പുലിമുട്ടിൽ ഇടിച്ച് മറിയുകയുമായിരുന്നു.

18 പേർ നീന്തിയോ മറ്റു മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയോ രക്ഷപ്പെട്ടു. വർക്കല വിളബ്ഭാഗം മൂപ്പക്കുടിയിൽ ഷാനവാസ് (56), വിളബ്ഭാഗം ചൂരലിൽ വീട്ടിൽ നിസാമുദ്ദീൻ (65) എന്നിവരുടെ മൃതദേഹങ്ങൾ അപകട ദിവസംതന്നെ കോസ്റ്റൽ പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ കണ്ടെത്തി.

തുടർന്ന് കാണാതായ വർക്കല ചിലക്കൂർ സ്വദേശികളായ ഉസ്മാൻ (20), മുസ്തഫ (15) സമദ് (45) എന്നിവർക്കായി ശക്തമായ തിരച്ചിലും ആരംഭിച്ചിരുന്നു. ഇതിനിടെ സെപ്റ്റംബർ എട്ടിന് വിഴിഞ്ഞം പനത്തുറ ഭാഗത്തുനിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തുകയും ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതിനെതുടർന്ന് ഡി.എൻ.എ പരിശോധന നടത്തുകയും ചെയ്തു.

സെപ്റ്റംബർ 14ന് മുസ്തഫയുടേതാണെന്ന് (18) തിരിച്ചറിയുകയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. സെപ്റ്റംബർ ഒമ്പതിന് കോവളം അടിമലത്തുറ ഭാഗത്തുനിന്ന് ഉസ്മാന്റെ (20) മൃതദേഹം കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് അബ്‌ദുൽ സമദിനെയാണ് (45). ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

അപകടം സംഭവിച്ച് ആദ്യ ദിനങ്ങളിൽ മുതലപ്പൊഴി അഴിമുഖത്ത് കുടുങ്ങിയ മത്സ്യബന്ധന വലയിൽ അപകടത്തിൽപെട്ടവർ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്ന സംശയത്തെതുടർന്ന് ആദ്യഘട്ട തിരച്ചിലുകൾ ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു നടന്നുവന്നിരുന്നത്. ഏറെ സങ്കീർണമായ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് ലഭ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചു.

എന്നാൽ, തുടരെ തുടരെ രണ്ട് മൃതദേഹങ്ങൾ വിഴിഞ്ഞം ഭാഗത്തെ കടലിൽനിന്ന് കണ്ടെത്തിയതോടെ കാണാതായവർ പൊഴിമുഖത്ത് കുരുങ്ങിയ വലയിൽ കുടുങ്ങിയിട്ടില്ലെന്ന നിഗമനത്തിൽ ഈ മേഖല കേന്ദ്രീകരിച്ചുള്ള തിരച്ചിലുകൾ ഏറക്കുറെ അവസാനിപ്പിച്ചിരുന്നു.

തുടർന്ന് കടലിൽ നിരീക്ഷണത്തിലുള്ള കോസ്റ്റ് ഗാർഡ് ബോട്ടുകൾ കടലിൽ ഏതെങ്കിലും ഭാഗത്ത് മൃതദേഹം ഉയരുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ്. കടലിൽ മത്സ്യബന്ധത്തിന് പോകുന്ന തൊഴിലാളികളോടും അധികൃതർ ഇതവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. തിരയുടെ പ്രവർത്തനരീതി അനുസരിച്ച് തീരത്ത് അടിയാനാണ് സാധ്യത കൂടുതൽ. അതേസമയം ഉൾക്കടലിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

Tags:    
News Summary - muthalapozhi boat accident-One has yet to be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.