ആറ്റിങ്ങൽ: സംസ്ഥാന സർക്കാറിന്റെ പുതിയ ടൂറിസം വികസന മാതൃകകളിൽ ഒന്നായ ബ്രിഡ്ജ് ടൂറിസം പദ്ധതിയിൽ അഞ്ചുതെങ്ങ് നെടുങ്ങണ്ട ഒന്നാം പാലവും ഉൾപ്പെടുത്തണമെന്ന് ആവശ്യം. വിദേശരാജ്യങ്ങളിലേതുപോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോജനപ്പെടുത്തുക ലക്ഷ്യമാക്കി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ പാലങ്ങളിൽ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്.
ഈ പദ്ധതിയിലാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ഒന്നാം പാലം (പുതിയപാലം) കൂടി ഉൾപ്പെടുത്തുണമെന്ന നിർദേശം പ്രദേശവാസികളടക്കം മുന്നോട്ടുെവക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ രാജ്യത്തെ ആദ്യ സംഘടിത ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ നാടാണ് അഞ്ചുതെങ്ങ്. എന്നാൽ അഞ്ചുതെങ്ങ് കോട്ട ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങൾ ഉണ്ടായിട്ടും പ്രദേശത്തിന് ടൂറിസം മേഖലയിൽ കാര്യമായ പരിഗണന ലഭിച്ചിട്ടില്ല.
അഞ്ചുതങ്ങ് കോട്ട, ലൈറ്റ് ഹൗസ്, കായിക്കര ആശാൻ സ്മാരകം, മുതലപ്പൊഴി ഹാർബർ, ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങൾ, പൊന്നുംതുരുത്ത്, ചെമ്പകത്തറ, അഞ്ചുതെങ്ങ് കടലോരവും കായലും, പാർവതി പുത്തനാർ കനാൽ, തോണിക്കടവ് തൂക്ക് പാലം തുടങ്ങിയവ ഇൗ പ്രദേശത്തിന്റെ വിനോദ സഞ്ചാര പ്രാധാന്യം വർധിപ്പിക്കുന്നു.
ബ്രിഡ്ജ് ടൂറിസം പദ്ധതിയിൽ ഒന്നാം പാലം കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് അഞ്ചുതെങ്ങിന്റെ ടൂറിസം വികസനത്തിന് ഗുണകരമാകും. പാലം സ്ഥിതി ചെയ്യുന്നത് പാർവതി പുത്തനാർ ജലപാതക്ക് കുറുകെയാണ്. പാലത്തിൽ നിന്നാൽ അറബിക്കടൽ കാണാം. മനോഹരമായ തെങ്ങിൻതോപ്പുകൾ കാഴ്ചാസൗന്ദര്യം കൂട്ടുന്നു. പാലവും കടലും തമ്മിൽ 50 മീറ്റർ അകലം മാത്രമാണ് ഉള്ളത്.
ഇതരതീരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും വൃത്തിയുള്ളതും വിശാലവുമായ കടൽക്കരയാണിവിടെ. പാർക്കിങ് ഏരിയയും സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുഗമമായി ഒരുക്കാനാവും. പാലത്തിന്റെ ഒരു ഭാഗം കടലെങ്കിൽ മറുഭാഗം കുന്നിൻപ്രദേശമാണ്.
ഈ കുന്നിലാണ് കുമാരനാശന്റെ കാവ്യജീവിതത്തിൽ നിർണായകമായ ചെമ്പകത്തറയുള്ളത്. കടൽനിരപ്പിൽ നിന്ന് അഞ്ഞൂറടിയോളം ഉയരത്തിലുള്ള ചെമ്പകത്തറയിലാണ് ആശാൻ ചെറുപ്രായത്തിൽ കവിതകൾ എഴുതിയതും അവ ചിട്ടപ്പെടുത്തി ചൊല്ലിയതും. റോപ് വേ, വിനോദ ബോട്ട് സർവിസ് തുടങ്ങിയവക്ക് അനുയോജ്യമായ സ്ഥലങ്ങൾ ഇവിടുണ്ട്.
ബ്രിഡ്ജ് ടൂറിസം പദ്ധതിയിൽ അഞ്ചുതെങ്ങ് ഒന്നാം പാലം-പുതിയപാലം കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് സാമൂഹിക പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ടൂറിസം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.