ആറ്റിങ്ങൽ: കടലിൽ രക്ഷാപ്രവർത്തനം നടത്തേണ്ട തീരദേശ പൊലീസിന് മൂന്ന് മാസമായി ബോട്ടില്ല. ഉണ്ടായിരുന്ന ഏക ബോട്ട് അറ്റകുറ്റപ്പണികൾക്കയച്ചിട്ട് മടങ്ങിയെത്താത്തതാണ് കാരണം. മാസങ്ങൾക്ക് മുമ്പ് കൊല്ലത്തേക്കയച്ച അഞ്ചുതെങ്ങ് തീരദേശ പൊലീസിന്റെ െറസ്ക്യൂ ബോട്ടായ (ഇന്റർസെപ്റ്റർ ക്ലാസ് ബോട്ട്) ജലറാണി വർക്ഷോപ്പിൽ തന്നെ കിടക്കുകയാണ്. തിരിച്ചെത്തിക്കാനുള്ള ഇന്ധനത്തിന് പണം അനുവദിക്കാത്തതാണ് കാരണം.
ദേശസുരക്ഷാപദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര സഹായത്തോടെ തീരദേശ പൊലീസ് സ്റ്റേഷനുകൾ വന്നത്. കരയിലേക്ക് ജലമാർഗം പ്രവേശനം സാധ്യമാകുന്ന നിർണായക ഭൂപ്രകൃതിയുള്ള സ്ഥലങ്ങളിലാണ് സ്റ്റേഷനുകൾ അനുവദിച്ചത്. സുരക്ഷാ ആശങ്കയുള്ള പ്രധാന സ്പോട്ടുകളാണ് ഇവയെല്ലാം. സാങ്കേതികസംവിധാനങ്ങളും അനുബന്ധ ചെലവുകളും കേന്ദ്ര സർക്കാറാണ് വഹിക്കുന്നത്.
ഇതനുസരിച്ച് ബോട്ടുകളിൽ ഇന്ധനം നിറക്കാൻ തുക അനുവദിക്കേണ്ടത് കേന്ദ്രപദ്ധതിയിൽ നിന്നാണ്. കഴിഞ്ഞ സെപ്റ്റംബറിൽ രക്ഷാപ്രവർത്തനങ്ങൾക്കിടെ ബോട്ടിന് തകരാറുകളുണ്ടായി. ഉടൻ അറ്റകുറ്റപ്പണികൾക്കായി െറസ്ക്യൂ ബോട്ട് കൊല്ലത്തെ സ്ഥാപനത്തിലേക്ക് അയച്ചു. ദ്രുതഗതിയിൽതന്നെ അറ്റകുറ്റപ്പണികൾ തീർത്തു. തുക ലഭ്യമാകാത വന്നതോടെ ബോട്ട് കൊല്ലത്ത് കുടുങ്ങി.
അഞ്ചുതെങ്ങ്, വിഴിഞ്ഞം, പൊഴിയൂർ തുടങ്ങി ജില്ലയിലെ മുഴുവൻ തീരദേശ പോലീസ് സ്റ്റേഷനുകളിലും ഇതേ അവസ്ഥ തുടരുന്നു. അശാസ്ത്രീയ നിർമാണംകൊണ്ട് അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ തീരദേശ പൊലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ ബോട്ട്.
നിലവിൽ തീരദേശ പൊലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ഫിഷറീസ് വകുപ്പിന് കീഴിൽ വാടകക്കെടുത്ത മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെ ബോട്ടിെനയും മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് പൊലീസിനുള്ളത്. മുതലപ്പൊഴിയിൽ പലപ്പോഴും രക്ഷാപ്രവർത്തനത്തിലെ പാളിച്ചകളാണ് അപകടമരണം വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.