ആറ്റിങ്ങൽ: ബൈപാസ് നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ വ്യാപകമായതോടെ ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ ആശങ്കയിൽ. പുതിയ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വലിയതോതിൽ മണ്ണെടുപ്പ് നടത്തിയതിന്റെ സമീപ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ആലംകോട് പാലാംകോണം ജങ്ഷന് സമീപം ദേശീയപാത ബൈപാസ് റോഡിലാണ് മണ്ണിടിച്ചിൽ വ്യാപകമായത്.
മേഖലയിൽ ആറുവരിപാത നിർമാണത്തിനായി ആഴത്തിൽ കുഴിച്ചതാണ് മണ്ണിടിച്ചിലിന് കാരണമായത്. കഴിഞ്ഞ ദിവസം നിർമാണം പൂർത്തിയാകാത്ത സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത് നാട്ടുകാരിൽ ഭീതി ജനിപ്പിച്ചു. സർവീസ് റോഡിന്റെ പണികൾ പൂർത്തിയായില്ലെങ്കിലും നിരവധി സ്വകര്യ വാഹനങ്ങൾ നിത്യവും കടന്നു പോകുന്നുണ്ട്. കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണ മണ്ണ് പത്ത് മീറ്ററോളം നീളത്തിലാണ് സർവീസ് റോഡിൽ കിടക്കുന്നത്.
ഈ റോഡ് വഴിയുള്ള കാൽനട യാത്ര പോലും മുടങ്ങി. സർവീസ് റോഡിനേക്കാൾ ഇരുപതടി താഴ്ചയിലാണ് പ്രധാന നാലുവരി പാത നിർമിക്കുന്നത്. ഇതിനായി ഭാഗികമായി മണ്ണ് മാറ്റിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളും മണ്ണിടിച്ചിലിന് കാരണമാകുന്നു.
ബൈപാസ് നിർമാണത്തിന് ഏറ്റെടുത്തതിന്റെ ബാക്കിയുള്ള ഭൂമിയാണ് ഇടിഞ്ഞു വീണത്. തൊട്ടടുത്ത വീടിന്റെ അടി ഭാഗത്ത് നിന്നും മണ്ണിടിച്ചിൽ തുടങ്ങി. വീടും റോഡിലേക്ക് പതിക്കുമോ എന്ന ആശങ്കയുണ്ട്. പ്രദേശത്തെ പലഭാഗത്തും 40 മീറ്ററിലേറെ ആഴത്തിലാണ് നിലവിൽ മണ്ണ് കുഴിച്ചെടുത്തത്.
ഇവിടങ്ങളിൽ സംരക്ഷണ ഭിത്തി സ്ഥാപിച്ചില്ലങ്കിൽ മേഖലയിൽ മണ്ണിടിച്ചിൽ വ്യാപകമാവുകയും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കും. മണ്ണെടുത്ത ഭാഗങ്ങളിൽ അടിയന്തരമായി സംരക്ഷണഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടവരെ നേരിൽ കണ്ട് പരാതിപ്പെട്ടിട്ടും യാതൊരു നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.