ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരത്തിൽ ദേശീയപാതയുടെ ഇരുവശത്തും നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്ന് കാല്‍നടയാത്ര അപകടക്കെണിയാകുന്നു. ഓടയില്‍ കാൽ കുരുങ്ങി പരിക്കേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഓടയിലെ സ്ലാബിനു മുകളിൽ ടൈൽ പതിച്ചിരുന്നു.
മാൻഹോൾ വരുന്ന ഭാഗത്ത് ടൈൽ ഒഴിവാക്കി കോൺക്രീറ്റ് സ്ലാബ് മാത്രം ഇട്ടിട്ടുണ്ട്. കച്ചേരി ജങ്ഷനിൽ കല്ലമ്പലം, കിളിമാനൂർ ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പിനു സമീപം സ്ലാബ് തകർന്ന് ഗർത്തം രൂപപ്പെട്ടു. ഇവിടെയാണ് കൂടുതൽപേർ അപകടത്തിൽപെടുന്നത്.
കച്ചേരി ജങ്ഷൻ മുതൽ നാലുമുക്ക് വരെയുള്ള റോഡിൽ വിവിധ ഭാഗങ്ങളിൽ സ്ലാബ് തകർന്നിട്ടുണ്ട്. ഈ ഭാഗങ്ങളിൽ ടൈലുകൾ ഇളകിക്കിടക്കുകയാണ്.
ടൈലിൽ തട്ടി മറിഞ്ഞുവീണാണ് അപകടങ്ങളേറെയും. പാലസ് റോഡ്, ബി.ടി.എസ് റോഡ്, ചിറയിന്‍കീഴ് റോഡ്, മാര്‍ക്കറ്റ് റോഡ്, പാർവതീപുരം ഗ്രാമം റോഡ് എന്നിവിടങ്ങളിലെല്ലാം ഓടക്കു മുകളില്‍ പല ഭാഗത്തും സ്ലാബുകളില്ലാത്ത അവസ്ഥയാണ്. മൂന്നുമുക്ക് മുതല്‍ ടി.ബി ജങ്ഷന് വരെയുള്ള ദേശീയപാതയിലും ചിറയിന്‍കീഴ് റോഡിലും ബി.ടി.എസ് റോഡിലും പാലസ് റോഡിലും വിദ്യാർഥികളടക്കം ആയിരക്കണക്കിനാളുകളാണ് പ്രതിദിനം നടന്നുനീങ്ങുന്നത്.
തിരക്കേറിയ ഭാഗങ്ങളിൽപോലും സ്ലാബുകള്‍ വേണ്ടവിധം സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ല. സ്കൂള്‍ കുട്ടികളടക്കം ഈ അപകടകെണിയിൽപെടുന്നുണ്ട്. നഗരത്തിലെ ഓടകള്‍ നഗരസഭാ ഹെല്‍ത്ത് വിഭാഗം വൃത്തിയാക്കാറുണ്ട്. മഴക്കാലത്ത് സ്ലാബുകള്‍ നീക്കംചെയ്തശേഷമാണ് ഓട വൃത്തിയാക്കുന്നത്.
വൃത്തിയാക്കാൻ സ്ലാബ് മാറ്റിയശേഷം തിരികെ സ്ഥാപിക്കുമ്പോള്‍ പല ഭാഗത്തും വിടവുണ്ടാകുന്നു. നിരന്തരം നീക്കംചെയ്യുന്നത് സ്ലാബുകള്‍ തകരാറിലാകാനുമിടയാക്കുന്നു. തകരാറിലായ സ്ലാബുകൾ മാറ്റി യഥാസമയം പുതിയവ സ്ഥാപിക്കാത്തതാണ് അപകടക്കെണിയാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.