ആറ്റിങ്ങൽ: അമൃത് സരോവരം പദ്ധതിയുടെ പിന്തുണയിൽ ജൈവ വൈവിധ്യങ്ങളുടെ കേന്ദ്രവും ജല സ്രോതസ്സുമായ പഴഞ്ചിറകുളം പുനരുദ്ധാരണ പ്രവർത്തനം തുടങ്ങി. ചിറയിൻകീഴ് പഞ്ചായത്തിലെ മേൽ കടക്കാവൂരിൽ പത്തേക്കറോളം വിസ്തൃതിയിലാണ് പഴഞ്ചിറകുളം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അമൃത സരോവർ പദ്ധതി പ്രകാരം എം.ജി.എൻ.ആർ.ഇ.ജി.എസ് വഴി ഫണ്ട് ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക.
ധാരാളം ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ് കുളം. ദേശാടനപക്ഷികളുടെ സങ്കേതം കൂടിയാണിത്. കേരള ബയോഡൈവേഴ്സിറ്റി ബോർഡ് പ്രതിനിധികൾ ഇവിടെ പ്രത്യേകം സർവേ നടത്തി സ്ഥലത്തിന്‍റെ ജൈവ വൈവിധ്യ പ്രാധാന്യം കണ്ടെത്തിയിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് നിർമിച്ചത്.
അടിഭാഗത്ത് ധാരാളം തടികൾ നിരത്തി അതിനു മുകളിൽ കക്ക നിരത്തി വെള്ളം നിറച്ചാണ് കുളത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. പ്രദേശത്തെ കിണറുകളിൽ ശുദ്ധജലം ലഭിക്കുന്നതിൽ ഇപ്പോഴും ഈ കുളം നിർണായക പങ്കുവഹിക്കുന്നു. വർഷങ്ങൾക്കിപ്പുറം കുളം വൃത്തിയാക്കുന്നതിനായി ഏറ്റെടുത്ത കരാറുകാരൻ നിർമാണ സമയത്ത് കുളത്തിനടിയിൽ നിക്ഷേപിച്ചിരുന്ന തടികളും നീക്കം ചെയ്തു. ഇവയെല്ലാം മറിച്ചുവിറ്റു എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പഴഞ്ചിറ കുളത്തിന് ചുറ്റും 3500 സ്‌ക്വയർ ഫീറ്റ് കയർ ഭൂവസ്ത്രം വിതാനിക്കാനും മുള തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കാനുമുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. നബാർഡിന്റെ സഹകരണത്തോടെ ശുദ്ധജല സംഭരണി നിർമിച്ച് ജലം പഞ്ചായത്തിലെ വാർഡുകളിലേക്ക് വിതരണം ചെയ്യാനുള്ള വിപുലമായ പദ്ധതി നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഴഞ്ചിറ കുളത്തിന്റെ നവീകരണത്തോടെ പ്രദേശത്തിന്റെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നത് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിരവധി പദ്ധതികൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓരോ ജില്ലയിലെയും 75 നദികൾ/ കുളങ്ങൾ എന്നിവ നിർമിക്കുകയോ നവീകരിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുകയാണ് അമൃത് സരോവർ പദ്ധതിയുടെ ലക്ഷ്യം. 753000 രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിലൂടെ 1400 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിയും. സാമൂഹിക കൂട്ടായ്മകളുടെ സഹകരണത്തോടെ ശുദ്ധജല ഉറവകൾ സംരക്ഷിക്കാൻ പദ്ധതികൾ നടപ്പാക്കണമെന്ന് സ്ഥലത്തെത്തിയ കേന്ദ്ര സംഘം ആവശ്യപ്പെട്ടു.
ജില്ലയിൽ അഞ്ചു കുളങ്ങളാണ് പദ്ധതിപ്രകാരം തെരഞ്ഞെടുത്തു നവീകരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഴഞ്ചിറക്ക് സമീപം പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി നിർവഹിച്ചു. ആർ. സരിത അധ്യക്ഷതവഹിച്ചു. ജില്ല വികസന കമീഷണർ ഡോ. വിനയ് ഗോയൽ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് (സി.ഐ.ബി) പഞ്ചായത്തിലെ മുതിർന്ന പഞ്ചായത്തംഗം ജി. ചന്ദ്രശേഖരൻ നായർ സ്ഥാപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ, എം.എ. അബ്ദുൽ വാഹിദ്, കേന്ദ്ര ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രാംകുമാർ ഗുപ്ത, ടെക്നിക്കൽ എക്സ്പർട്ട് രാജ്കുമാർ, പഞ്ചായത്തംഗങ്ങളായ രേണുക മാധവൻ, ബി.എസ്. അനൂപ്, മിനിദാസ്, ഗ്രൗണ്ട് വാട്ടർ ഹൈഡ്രോളജിസ്റ്റ് എസ്.ആർ. സാന്റി, പ്രോജക്ട് ഡയറക്ടർ വൈ. വിജയകുമാർ, എൽ. ലെനിൻ, എസ്. ബിന്ദുലേഖ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.