ആറ്റിങ്ങൽ: മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ പെൺകുട്ടിയെയും പിതാവിനെയും പൊതുനിരത്തിൽ പരസ്യ വിചാരണ നടത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇരകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മകളുമാണ് പിങ്ക് പൊലീസിെൻറ അതിക്രമത്തിന് ഇരയായത്.
നിരവധി പരാതികൾ നൽകിയെങ്കിലും പൊലീസുകാരിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഗൗരവമേറിയ സംഭവത്തെ നിസ്സാരവത്കരിച്ച് പൊലീസുകാരിക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കി. ഇതിനെ തുടർന്നാണ് കുടുംബം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചത്. നിവേദനം വായിച്ചുനോക്കിയ മുഖ്യമന്ത്രി ഇരകളുടെ മൊഴി എടുത്തില്ലെന്നത് ഗൗരവമായി കാണുന്നതായും ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായും ജയചന്ദ്രൻ പറഞ്ഞു.
റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐ.എസ്.ആർ.ഒ വാഹനം കാണണമെന്ന് മകൾ ആവശ്യപ്പെട്ടതനുസരിച്ച് ആറ്റിങ്ങലിലെത്തിയ ജയചന്ദ്രനും മകളുമാണ് പൊലീസ് അതിക്രമത്തിന് ഇരയായത്. മൂന്നുമുക്കിൽ നിൽക്കവെ വനിത പൊലീസ് ഓഫിസർ രജിത മൊബൈൽ കാണാനില്ലെന്ന് പറഞ്ഞ് അവിടെ നിൽക്കുകയായിരുന്ന ജയചന്ദ്രനെ അടുത്ത് വിളിപ്പിച്ചു.ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി.
ജയചന്ദ്രെൻറ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇതിനുശേഷം പൊലീസ് വാഹനത്തിലെ ബാഗിൽനിന്ന് രജിതയുടെ മൊബൈൽ കിട്ടി. ഇതോടെ പൊതുജനം പ്രതിഷേധവുമായി രംഗത്തെത്തി. വിഡിയോ ദൃശ്യം വൈറൽ ആയതോടെയാണ് പുറംലോകം അറിഞ്ഞതും വിവാദമായതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.