ആറ്റിങ്ങൽ: റോഡ് പണിയും മാർക്കറ്റ് പണിയും അനന്തമായി നീളുന്നു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വർഷങ്ങളായിട്ടും പണി പൂർത്തിയാക്കാത്ത നിലയിലാണ് ആലംകോട്-കടയ്ക്കാവൂർ റോഡ്. ചെക്കാലവിളാകം മാർക്കറ്റിന്റെ പണിയും മറ്റൊന്നല്ല. നാല് വർഷത്തിലധികമായി ആരംഭിച്ച റോഡ് പണി പൂർത്തിയാകാത്തതിനാൽ കടയ്ക്കാവൂർ മേഖലയിൽ അപകടങ്ങൾ പതിവാണ്. പരാതികളിൽ പേരിന് പണി നടത്തി മടങ്ങുകയാണ് അധികൃതർ. നിലവിൽ റോഡിന്റെ നല്ലൊരു ഭാഗം വെട്ടിപ്പൊളിച്ച് യാത്രായോഗ്യം അല്ലാതാക്കി. ഇവിടെ ടാറിങ് പൂർണമായി തകർന്ന് കുഴികൾ രൂപപ്പെട്ടു. മഴക്കാലമായതോടെ ഈ കുഴികളിൽ ചളി നിറഞ്ഞത് കൂടുതൽ അപകടാവസ്ഥ സൃഷ്ടിക്കുന്നു. ഇത്തരം കുഴികളിൽ തെന്നി മറിഞ്ഞ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.
നിലവിലെ മാർക്കറ്റ് പൊളിച്ചിടത്ത് അവിടെ രണ്ട് വർഷത്തിനകം സ്മാർട്ട് മാർക്കറ്റ് ആരംഭിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ പ്രഖ്യാപനം പാഴായിരിക്കുകയാണ്. മാർക്കറ്റ് പൊളിച്ച് ആറുവർഷം പിന്നിട്ടിട്ടും പുതിയതിന്റെ പണി ആരംഭിക്കാത്തതിനാൽ മാർക്കറ്റിനെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ചെറുകിടവ്യാപാരികൾക്ക് ഉപജീവനപ്രതിസന്ധിയിലാണ്. നിലവിൽ റോഡിൽ ഇരുന്നാണ് കച്ചവടം. ഇത് മേഖലയിൽ കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പുനർനിർമാണം പൂർത്തിയാക്കുന്നതുവരെ ചെറുകിടവ്യാപാരികൾക്ക് ബദൽ സംവിധാനം സർക്കാർ ഒരുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
റോഡിന്റെ ദുരവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്നും മാർക്കറ്റ് വേഗത്തിൽ പണി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.എസ്. അനൂപ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ സജികുമാർ, കൃഷ്ണകുമാർ, അഭിലാഷ് ഭജനമഠം, സുധീർ കടയ്ക്കാവൂർ, സന്തോഷ് കീഴാറ്റിങ്ങൽ, കടയ്ക്കാവൂർ അനു, എസ്. ദീപ, ഷിറാസ് മണനാക്ക്, ജയന്തി കൃഷ്ണ, മഹിൻ എം. കുമാർ, ഔസേപ്പ് ആൻറണി, ഷിബു പാണച്ചേരി, മോഹനകുമാരി, ആകാശ് സുദർശനൻ, ലല്ലുകൃഷ്ണൻ, ജയന്തി സോമൻ, രതി പ്രസന്നൻ, കടയ്ക്കാവൂർ സജു, ഷീബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.